പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി. എല്ലാ സ്റ്റേഷനിൽ നിന്നും ഇതുമായി ബന്ധപ്പെട്ട പാസ് സൗജന്യമായി നൽകും. പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്നാണ് പാസ് കൈപ്പറ്റേണ്ടത്. കൂടാതെ ഇത് വാഹനത്തിന്റെ മുകളിൽ പതിപ്പിക്കുകയും വേണം.
ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
നവംബർ 15 മുതൽ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കൽ, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.