അസ്സലൊരു ഫോർട്ടുകൊച്ചിക്കാരൻ പയ്യനാണ് ബാലുവർഗീസ്. നായകനൊപ്പം നിഴൽ പോലെ നടക്കാനും ഇനി നായകനാകണമെങ്കിൽ അതിനും ബാലു റെഡിയാണ്. കൊച്ചിക്കാരന്റെ സകല മാനറിസങ്ങളും ബാലുവിനൊപ്പമുണ്ട് താനും. ബാലുവിന്റെ വിശേഷങ്ങൾ.
ബാലുവിന്റെകഥാപാത്രങ്ങളെല്ലാം ഫോർട്ടുകൊച്ചിക്കാരൻ പയ്യന്റേതാണല്ലോ?
സത്യത്തിൽ ഞാനൊരു ഫോർട്ടുകൊച്ചിക്കാരനല്ല. ഞാൻ താമസിക്കുന്നത് ഇടപ്പള്ളിയിലാണ്. പക്ഷേ ഫോർട്ടുകൊച്ചിയിൽ എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്. ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ ഞാൻ മിക്കപ്പോഴും അവരുടെ അടുത്താണ്. മനസിൽ അല്പം പോലും കളങ്കമില്ലാത്ത, സ്നേഹിക്കാൻ മാത്രമറിയുന്ന മച്ചാന്മാരുടെ നാടാണ് ഫോർട്ടുകൊച്ചി. മിക്ക സിനിമകളിലും ഫോർട്ടുകൊച്ചിക്കാരെ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളുമായിട്ടാണ് കാണിക്കുന്നത്. സത്യത്തിൽ അവരെല്ലാം പാവങ്ങളാണ്. മച്ചാന്മാരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ എല്ലാം മറക്കും. വല്ലാത്തൊരു ഹൃദയബന്ധമാണ് അവരുമായി.എനിക്ക് കൂടുതലും വരുന്നത് യോ...യോ പയ്യന്റെ വേഷമാണ്. എന്റെ പ്രായവും അതാണല്ലോ. അപ്പോൾ പക്വതയുള്ള വേഷങ്ങൾ വേണമെന്ന് വാശിപിടിക്കാൻ കഴിയില്ല.
എങ്ങനെ സിനിമയിലെത്തി?
സിനിമാ കുടുംബമാണ് ഞങ്ങളുടേത്.അമ്മയുടെ ജ്യേഷ്ഠനാണ് നടനും സംവിധായകനുമായ ലാൽ. അച്ഛൻ ലാൽ ക്രിയേഷൻസിന്റെ ജനറൽ മാനേജരാണ്. അതുകൊണ്ടു തന്നെ സിനിമ കണ്ടും അറിഞ്ഞുമാണ് വളർന്നത്. അപ്പനും അമ്മയ്ക്കും സിനിമാ ഭ്രാന്താണ്. എല്ലാ ശനിയും ഞായറും ഞങ്ങൾ സിനിമ കാണാൻ പോകുമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.ദിലീപേട്ടൻ നായകനായ ചാന്തുപൊട്ടിൽ. ലാൽ അങ്കിളായിരുന്നു നിർമ്മാതാവ്. ഇന്ദ്രജിത്ത് ചേട്ടന്റെ ചെറുപ്പകാലം ചെയ്യാനാണ് എന്നെ വിളിച്ചത്. ആദ്യ ഷോട്ടിൽ തന്നെ ഓകെയായി. നന്നായെന്ന് ലാൽ ജോസ് സാർ പറഞ്ഞു.അത് കേട്ടപ്പോൾ വലിയ സന്തോഷമായി. അന്ന് കിട്ടിയ ആത്മവിശ്വാസമാണ് ഇന്നും കൈവിടാതെ കൊണ്ട് നടക്കുന്നത്.
എപ്പോഴും കാണുന്നത് ഈ താടിയിലാണല്ലോ?
എന്നെ കാണുമ്പോൾ എല്ലാവരും ചോദിക്കുന്നതാണത്. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പണ്ട് മുതൽക്കേ താടി വളർത്തുന്നവരാണ്. ലാലങ്കിളും മകൻ ജീൻപോളുമെല്ലാം താടിക്കാരാണ്. താടിവളർത്തുന്നത് ഇഷ്ടമാ. ആണുങ്ങളാകുമ്പോൾ അല്പം താടിയൊക്കെ വേണ്ടേ. പക്ഷേ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ സംവിധായകർ താടിയെടുക്കാൻ പറയും. താടിയെടുത്താൽ മുട്ട പുഴുങ്ങിയതുപോലെയാണ് എന്നെ കാണാൻ.
ആസിഫ് അലിയുമായി നല്ല കെമിസ്ട്രിയാണല്ലോ?
മൂന്നു ചിത്രങ്ങളിലേ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. പക്ഷേ പത്തു ചിത്രങ്ങളിൽ അഭിനയിച്ച ഫീലാണ് പ്രേക്ഷകർക്ക്.ഹണീ ബിയിൽ ഞാൻ അവതരിപ്പിച്ച ആംബ്രോസ് എന്ന കഥാപാത്രം ആസിഫിന്റെ സെബാനെ വിളിക്കുന്നത് മച്ചാനെന്നാണ്. സിനിമയ്ക്ക് പുറത്തും ഞങ്ങൾ മച്ചാൻ എന്നാണ് പരസ്പരം വിളിക്കുന്നത്. ആസിഫിനോട് എന്തും തുറന്നു സംസാരിക്കാം.ചിലപ്പോൾ നല്ല ഉപദേശങ്ങൾ തന്ന് വഴികാട്ടുന്ന ഒരു ജ്യേഷ്ഠസഹോദരനാണ്.മറ്റ് ചിലപ്പോൾ നമ്മളോടൊപ്പം അടിച്ചുപൊളിക്കുന്ന അടുത്ത സുഹൃത്ത്. ഹണീ ബിയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങളൊന്നും മറക്കാൻ കഴിയില്ല. സത്യത്തിൽ അതൊരു സിനിമ ഷൂട്ടിംഗ് ആണെന്നേ തോന്നിയിട്ടില്ല. ഞങ്ങൾ മച്ചാന്മാരെല്ലാം കൂടി സെറ്റിൽ അടിച്ചുപൊളിച്ചു. ബാച്ചിലേഴ്സ് പാർട്ടിപോലെയായിരുന്നു എല്ലാ ദിവസത്തെയും ചിത്രീകരണം. ചിത്രത്തിന്റെ സംവിധായകനായ ജീൻ ചേട്ടൻ (ലാൽ ജൂനിയർ) സിനിമയ്ക്ക് വേണ്ടി ആരും അഭിനയിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. നമ്മൾ സുഹൃത്തുക്കൾ ഒന്നിച്ചു കൂടുമ്പോൾ എങ്ങനെയാണോ ഇടപെടുന്നത് അത് മാത്രം ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരൻ പറഞ്ഞത്. സിനിമ ഇറങ്ങിയപ്പോൾ കള്ളുകുടിയും ലഹരി ഉപയോഗവും അല്പം കൂടി പോയെന്നു വിമർശനമുയർന്നിരുന്നു. ഏതു പുതിയ ട്രെൻഡ് വന്നാലും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാവാറുണ്ട്. സിനിമയെ സിനിമയായി കാണുന്നവരാണ് മലയാളികൾ. വേറെ ജോലിയൊന്നുമില്ലാതെ എന്തിനെയും വിമർശിക്കുന്ന കുറെ പേർ ഇവിടെയുണ്ട്. ചിലരുടെ സംസാരം കേട്ടാൽ തോന്നും ഞങ്ങളാണ് ആദ്യമായിട്ട് സിനിമയിൽ കള്ളും കഞ്ചാവും ഉപയോഗിച്ചതെന്ന് ഫോർട്ട് കൊച്ചിയിലെ ഒരു കൂട്ടം അടിച്ചുപൊളി പയ്യന്മാരുടെ കഥപറയുമ്പോൾ അതിൽ കള്ളുണ്ടാവരുതെന്ന് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക.ചെറുപ്പക്കാരാകുമ്പോൾ അല്പസ്വല്പം മദ്യമൊക്കെ ഉപയോഗിക്കില്ലേ.
സംവിധാനം ചെയ്യുമോ?
അങ്ങനെയൊരു ആഗ്രഹമുണ്ട്. പക്ഷേ തത്കാലമില്ല. ഹണീ ബിയിൽ ആദ്യമെത്തുന്നത് സംവിധാന സഹായിയായിട്ടാണ്. പിന്നീടാണ് ആംബ്രോസ് എന്ന കഥാപാത്രം ചെയ്യാൻ ജീൻ ചേട്ടൻ നിർബന്ധിച്ചത്.
ചങ്ക്സിലൂടെ നായക നിരയിലേക്ക് വന്നല്ലോ?
സത്യത്തിൽ നായകൻ എന്നൊരു തോന്നൽ എനിക്കുണ്ടായില്ല. പതിവിൽ കൂടുതൽ സമയം സെറ്റിൽ ചെലവഴിക്കേണ്ടി വന്നു. അത്രയേ ഉള്ളൂ. നായിക ഹണീ റോസാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ നായികയായ ഒരാൾ എന്റെ നായികയായപ്പോൾ ഞെട്ടാതിരിക്കുന്നത് എങ്ങനെ? ശരിക്കും നന്ദിപറയേണ്ടത് സംവിധായകൻ ഒമർ ലുലുവിനോടാണ്. യുവാക്കളുടെ പൾസ് അറിയുന്ന സംവിധായകനാണ് അദ്ദേഹം. പേരുകേട്ട താരങ്ങൾ ഇല്ലാതിരുന്നിട്ടുപോലും ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗ് സൂപ്പർ ഹിറ്റാക്കി.ചങ്ക്സിൽ നായകനായതിന് ശേഷം ആരും എന്നെ ചെറിയ വേഷങ്ങൾക്ക് വിളിക്കാതെയായി. സത്യത്തിൽ നായകനാകാൻ എനിക്ക് അത്ര താത്പര്യമില്ല. നല്ല കാരക്ടർ റോളുകൾ ചെയ്യാനാണ് ഇഷ്ടം.
ചങ്ക്സിലെ കോമഡി അധികവും അശ്ലീലമായിരുന്നെന്ന് ആക്ഷേപം ഉണ്ടായിരുന്നല്ലോ?
ആരെയും നിർബന്ധിച്ചു സിനിമാ കാണാനായി തിയേറ്ററിൽ വിളിച്ചു കയറ്റിയതല്ലല്ലോ. സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് സിനിമയ്ക്കെതിരെ ആക്രമണമുണ്ടായത്. ഹായ് ഐ ആം ടോണി എന്ന ചിത്രത്തെ ആദ്യ ദിവസം തന്നെ തകർത്തെറിഞ്ഞതും സമൂഹ മാദ്ധ്യമങ്ങളാണ്. പുതിയ രീതികൾ ഇവിടെ വളരെ വൈകിയേ ഉൾക്കൊള്ളുകയുള്ളൂ. ഇംഗ്ലീഷ് സിനിമകൾ കണ്ടു വാനോളം പുകഴ്ത്തുന്നവർ സ്വന്തം നാട്ടിൽ അത്തരം ഒരു സിനിമയിറങ്ങുമ്പോൾ അംഗീകരിക്കാത്തതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലായിട്ടില്ല. ആസ്വാദനത്തിലെ ഈ ഇരട്ടത്താപ്പാണ് മലയാളി പ്രേക്ഷകരെ വ്യത്യസ്തരാക്കുന്നത്. ഏതു തരത്തിലുള്ള സിനിമകളാണ് കേരളത്തിൽ വിജയിക്കുന്നതെന്നു ഉറപ്പിച്ചു പറയാൻ കഴിയാത്ത അവസ്ഥയാണ്.
പഠനം?
ബി.കോം കഴിഞ്ഞ ശേഷം എം.ബി.എ ചെയ്യുന്നു. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ ഏതെങ്കിലും പ്രൈവറ്റ് കമ്പനിയിലോ ബാങ്കിലോ മറ്റോ ജോലിക്കു കയറേണ്ടി വന്നേനെ. ഭാഗ്യത്തിന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മേഖലയിൽ തന്നെ എത്താൻ സാധിച്ചു.
ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?
ഹണീ ബിയിലെ ആംബ്രോസ്.എന്നെ പലരും ആംബ്രോസ് എന്നാണ് വിളിക്കുന്നത്. അതിലെ എന്റെ വിഗ് സ്വന്തം മുടിയാണെന്ന് വിചാരിച്ചിരുന്നവർ പോലുമുണ്ട്. ഹണീ ബിയുടെ തിരക്കഥ രൂപപ്പെടുന്നതു മുതൽ ഞാൻ ഉണ്ടായിരുന്നതുകൊണ്ട് എന്റെ മനസിൽ അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ആംബ്രോസ്.
സിനിമയിലെ സൗഹൃദങ്ങൾ?
എല്ലാവരുമായി വളരെ പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് എന്റേത്. അതുകൊണ്ടു തന്നെ ഞാൻ ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലെയും നടീ നടന്മാരുമായി നല്ല കമ്പനിയാണ്. ആസിഫ് , ടൊവിനോ തോമസ്, ഗണപതി തുടങ്ങിയവരെല്ലാം കട്ട ഫ്രണ്ട്സാണ്. കിംഗ് ലയർ കഴിഞ്ഞപ്പോൾ അഭിനയത്തിന്റെ യൂണിവേഴ്സിറ്റിയിൽ നിന്നു പഠനം കഴിഞ്ഞിറങ്ങിയ അനുഭവമായിരുന്നു. ദിലീപേട്ടനോടൊപ്പമുള്ള അഭിനയം മറക്കാൻ കഴിയില്ല. ഡയലോഗ് പറയുമ്പോഴുള്ള അദ്ദേഹത്തിന്റെ ടൈമിംഗ് അപാരമാണ്. പൊതുവെ ഞാൻ വളരെ വേഗത്തിലാണ് ഡയലോഗുകൾ പറയുന്നത്. ഇത്രയും വേഗത്തിൽ ഡയലോഗ് പറഞ്ഞാൽ കേൾക്കുന്നവർക്ക് വ്യക്തമാകില്ലെന്ന് ദിലീപേട്ടൻ പറഞ്ഞു തന്നു. ഓരോ ഡയലോഗും പറയുമ്പോഴുള്ള മോഡുലേഷനും ടൈമിംഗുമെല്ലാം ഞാൻ ദിലീപേട്ടനിൽ നിന്നാണ് കൃത്യമായി പഠിച്ചത്.
യാത്രകൾ ഇഷ്ടമാണോ?
തീർച്ചയായും. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ മിക്കപ്പോഴും യാത്രകൾക്കാണ് സമയം മാറ്റിവയ്ക്കുന്നത്. സ്ഥിരമായി ട്രക്കിംഗ് നടത്തുന്ന കൂട്ടുകാർ എനിക്കുണ്ട്. അവരുമായി ഏതെങ്കിലും കാട്ടിലേക്ക് കയറും. ജീവിതത്തിന്റെ സുഖലോലുപതകളിൽ നിന്നെല്ലാം മാറി കുറേ ദിവസം കാടിന്റെ വന്യതയിലൂടെ ഒരു യാത്ര. അത്തരം യാത്രകൾ കഴിഞ്ഞു തിരിച്ചു വീട്ടിൽ വരുമ്പോൾ വല്ലാത്ത ഒരു ശാന്തതയാണ് മനസിനും ശരീരത്തിനും.