ന്യൂഡൽഹി: ധനക്കമ്മി നിയന്ത്രിക്കാനായി റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ചോദിച്ചുവെന്ന വാർത്തകൾ ഊഹാപോഹം മാത്രമാണെന്നും കേന്ദ്രബാങ്ക് നിലനിറുത്തേണ്ട കരുതൽ ധന ശേഖരത്തിന്റെ യഥാർത്ഥ വ്യാപ്‌തി തിരക്കുക മാത്രമാണ് ചെയ്‌തതെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ധനസ്ഥിതി ഭദ്രമാണ്. 2013-14ലെ 5.1 ശതമാനത്തിൽ നിന്ന് 3.3 ശതമാനത്തിലേക്ക് ധനക്കമ്മി നിയന്ത്രിക്കാനും കഴിഞ്ഞു. നടപ്പു സാമ്പത്തിക വർഷം 3.3 ശതമാനമായിരിക്കും ധനക്കമ്മി. വിപണിയിൽ നിന്ന് 70,000 കോടി രൂപ വായ്‌പയെടുക്കേണ്ട അവസ്ഥയും ഒഴിവാക്കിയെന്ന് ഗാർഗ് പറഞ്ഞു.
സർക്കാരിന്റെ ധനസ്ഥിതി മോശമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി ചെലവാക്കാനാണ് റിസർവ് ബാങ്കിനോട് പണം ചോദിക്കുന്നതെന്നും മുൻ ധനമന്ത്രി പി. ചിദംബരം വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരിന് റിസർവ് ബാങ്ക് പണം കൈമാറുകയോ ഉർജിത് പട്ടേൽ രാജിവയ്‌ക്കുകയോ ചെയ്‌താൽ, അത് സാമ്പത്തിക മേഖലയ്ക്ക് ദുരന്തമായിരിക്കുമെന്നും ചിദംബരം പറഞ്ഞു.
റിസർവ് ബാങ്ക് ആക്‌ട് സെക്‌ഷൻ ഏഴ് പ്രകാരം കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടൽ റിസർവ് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ഗവർണർ ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 9.59 ലക്ഷം കോടി രൂപ വരുന്ന ധനശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ കേന്ദ്രം ചോദിച്ചുവെന്ന വാർത്തകളെത്തിയത്. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ മാനിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഗവർണർ സ്ഥാനം ഉർജിത് പട്ടേൽ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്.
പോരിന് വഴിതെളിച്ചത്
അരവിന്ദ് സുബ്രഹ്‌ണ്യൻ
റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നാല് ലക്ഷം രൂപയോളം കൂടുതലായുണ്ടെന്ന് 2016-17ലെ സാമ്പത്തിക സർവേയിൽ അന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യനാണ് ചൂണ്ടിക്കാട്ടിയത്. ഈ പണം സർക്കാരിന് കൈമാറിയാൽ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
₹30,659 കോടി
ജൂലായ്-ജൂൺ സാമ്പത്തിക വർഷം പിന്തുടരുന്ന റിസർവ് ബാങ്ക് 2016-17ൽ 30,659 കോടി രൂപ ലാഭവിഹിതമാണ് കേന്ദ്രത്തിന് നൽകിയത്. തൊട്ടു മുമ്പത്തെ വർഷം ഇത് 65,876 കോടി രൂപയായിരുന്നു. ഈവർഷം 50,000 കോടി രൂപ റിസർവ് ബാങ്ക് സർക്കാരിന് കൈമാറിയേക്കും.