afghan-meeting

മോസ്കോ:അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഭീകര സംഘടനയായ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ നേരിട്ടുള്ള ചർച്ചയ്‌ക്ക് കളമൊരുക്കാൻ റഷ്യയുടെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്‌ട്ര കൂടിയാലോചന ഇന്നലെ മോസ്കോയിൽ തുടങ്ങി. 'മോസ്‌കോ ഫോർമാറ്റ്' എന്നു പേരിട്ടിരിക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിന് താലിബാനും അഫ്ഗാൻ ഗവൺമെന്റും പ്രതിനിധി സംഘങ്ങളെ അയച്ചിട്ടുണ്ട്.

റഷ്യയ്‌ക്ക് പുറമേ ഇന്ത്യ, അമേരിക്ക, പാകിസ്ഥാൻ, ചൈന എന്നീരാജ്യങ്ങൾക്കൊപ്പം അഞ്ച് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളും പങ്കെടുക്കുന്നുണ്ട്. എന്നാൽ അനൗദ്യോഗികമായാണ് ഇന്ത്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും താലിബാനുമായി നേരിട്ട് ചർച്ച നടത്തില്ലെന്നും വിദേശകാര്യ വക്​താവ്​ രവീഷ്​ കുമാർ ഇന്നലെ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഫ്​ഗാനിസ്ഥാനിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്കോയിലെ ഹോട്ടലിൽ ഇന്നലെ രാവിലെ സമ്മേളനം ആരംഭിച്ചു. 'അഫ്ഗാൻ ഭരണകൂടവും താലിബാനും നേരിട്ട് ചർച്ച നടത്തുന്നതോടെ അഫ്ഗാനിസ്ഥാനിസ്ഥാന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.

അതേസമയം, അഫ്ഗാൻ സംഘവുമായി തങ്ങൾ യാതൊരു ചർച്ചയും നടത്തില്ലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. അഞ്ചംഗ സംഘത്തെയാണ് താലിബാൻ അയച്ചിട്ടുള്ളത്. ആദ്യമായാണ് ഇങ്ങനെയൊരു അന്താരാഷ്ട്ര സമ്മേളനത്തിൽ താലിബാൻ പങ്കെടുക്കുന്നത്. ഭീകരരുമായി അനുരഞ്ജനത്തിന് നിയോഗിച്ചിട്ടുള്ള ഉന്നത സമാധാന സമിതിയിലെ നാല് അംഗങ്ങളാണ് അഫ്ഗാൻ സംഘത്തിലുള്ളത്.

അഫ്​ഗാനിസ്​ഥാനിലെ മുൻ അംബാസഡർ അമർ സിൻഹ, പാകിസ്ഥാനിലെ മുൻ ഹൈകമ്മിഷണർ ടി.സി.എ രാഘവൻ എന്നിവരാണ്​ ​ഇന്ത്യൻ പ്രതിനിധികൾ.

ഭീകര സംഘടനയെന്ന് മുദ്രകുത്തി റഷ്യയിൽ താലിബാന്റെ പ്രവർത്തനം നിരോധിച്ചിരിക്കയാണ്. ചർച്ചയ്‌ക്ക്​ വിളിച്ചതും റഷ്യയാണ്​. റഷ്യൻ പ്രസിഡൻറ്​ വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ്​ ഇൗ തീരുമാനമുണ്ടായത്​.