sabarimala

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകും. പുനഃപരിശോധനാ ഹർജികൾ 13നു പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡിന്റെ നിലപാട് ആര്യാമ സുന്ദരം സുപ്രീം കോടതിയിൽ അറിയിക്കുമെന്ന് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.

സുപ്രീം കോടതി എന്തു തീരുമാനം എടുത്താലും അതു നടപ്പിലാക്കാനുള്ള പൂർണബാദ്ധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോർഡിനുണ്ട്. ഹർജികൾ‍ പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡിനു കോടതിയിൽ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാൽ മാത്രമായിരിക്കും നിലപാട് വ്യക്തമാക്കുകയെന്നും പത്മകുമാർ അറിയിച്ചു. ആര്യാമ സുന്ദരവുമായി ചർച്ച നടത്താനും ആവശ്യമായ വിവരങ്ങൾ കൈമാറാനും ദേവസ്വം കമ്മിഷണർ എൻ.വാസുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.