ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽഗാന്ധിക്കും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എ.സി മുറിയിലിരിക്കുന്നവരും വലിയ കാറുകളിലും സഞ്ചരിക്കുന്ന നഗര മാവോയിസ്റ്റുകളെയാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നതെന്ന് നരേന്ദ്രമോദി ആരോപിച്ചു. ഛത്തീസ്ഗഢിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ബസ്തർ മേഖല കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. കോൺഗ്രസാണ് നഗര മാവോയിസ്റ്റുകൾക്ക് രക്ഷാകവചം ഒരുക്കുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ അവർ മാവോയിസത്തെ തള്ളിപ്പറയുകയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.
ശീതികരിച്ച മുറിയിലിരിക്കുന്നവരാണ് നഗര മാവോയിസ്റ്റുകൾ. അവർ വലിയ കാറുകളിലാണ് സഞ്ചരിക്കുന്നത്. അവരുടെ മക്കൾ വിദേശരാജ്യങ്ങളിൽ പഠിക്കുന്നു. പാവപ്പെട്ട ആദിവാസികളെ കബളിപ്പിച്ചാണ് ഇത്തരക്കാർ ജീവിക്കുന്നത്. എന്തിനാണ് ഇവരെ കോൺഗ്രസ് പിന്തുണയ്ക്കുന്നതെന്നും മോദി ചോദിച്ചു.