ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പ്രതിഷേധത്തെതുടർന്ന് വിജയ് ചിത്രം സർക്കാരിൽ നിന്ന് വിവാദരംഗവും പരാമർശങ്ങളും ഒഴിവാക്കി. ഭരണകക്ഷിയെയും മുൻമുഖ്യമന്ത്രി ജയലളിതയെയും അധിക്ഷേപിക്കുന്നതായി എ.ഐ.ഡി.എം.കെ ആരോപിച്ച രംഗം ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തുമാണ് ഇന്ന് വൈകിട്ടത്തെ ഫസ്റ്റ് ഷോ മുതൽ തമിഴ്നാട്ടിൽ ചിത്രം പ്രദർശിപ്പിക്കുക. ചിത്രത്തിനെതിരായ നീക്കത്തിൽ വിമർശനവുമായി രജനീകാന്ത്, കമൽഹാസൻ, വിശാൽ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു.
വിജയ്‌യുടെ ഫ്ലക്സ് ബോർഡുകളും ബാനറുകളും വലിച്ചു കീറി ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് മുന്നിൽ എ.ഐ.ഡി.എം.കെ പ്രവർത്തകർ പ്രതിഷേധം വ്യാപിപ്പിച്ചതോടെയാണ് രംഗങ്ങൾ നീക്കാൻ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് തയ്യാറായത് . വിവാദ രംഗങ്ങൾ പിൻവലിക്കാതെ പ്രദർശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് തിയേറ്റർ എക്‌സിബിറ്റേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേസ് അസോസിയേഷനും നിലപാടെടുത്തിരുന്നു.
സർക്കാർ നൽകിയ സമ്മാനങ്ങൾ ജനങ്ങൾ തീയിലേക്ക് വലിച്ചെറിയുന്നത് ഉൾപ്പെടെയുള്ള ആനുകാലിക വിഷയങ്ങങ്ങൾ ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാരിനെ പരിഹസിക്കുന്ന സീനുകളാണ് വിവാദമായത്. സമ്മാനങ്ങൾ തീയിലേക്ക് വലിച്ചെറിയുന്ന രംഗമാണ് നീക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് സ്വാധീനം ചെലുത്താൻ മുഖ്യമന്ത്രിക്ക് അധിക മരുന്ന് നല്‍കി കൊലപ്പെടുത്തുന്ന രംഗവും ചിത്രത്തിലുണ്ട്. വരലക്ഷ്മി ശരത്കുമാറിന്റെ കഥാപാത്രത്തിന് മുൻമുഖ്യമന്ത്രി ജയലളിതയുടെ യഥാർത്ഥ പേരായ കോമളവല്ലി എന്നാണ് നൽകിയത്. കോമളവല്ലി എന്ന പേര് പ്രതിപാദിക്കുന്ന സീനുകളിൽ ആ വാക്ക് മ്യൂട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകൻ മുരുഗദോസിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഹൈക്കോടതിയെ സമീപിച്ച സംവിധായകനെ നവംബർ 27 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടുണ്ട്.