ബസ്തർ (ഛത്തീസ്ഗഢ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺസിംഗും അവരുടെ വ്യവസായികളായ സുഹൃത്തുക്കളുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലെന്നു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ആരോപിച്ചു. ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലെ പഖാഞ്ഞോറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഡൽഹിയിൽ മോദിക്ക് പത്തോ പതിനഞ്ചോ വ്യവസായ സുഹൃത്തുക്കളുണ്ട്. ഇതേപോലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പത്തോപതിനഞ്ചോ വലിയ വ്യവസായ ചങ്ങാതിമാരുണ്ട്. ഇരുവരും ഈ ചങ്ങാതിമാരുടെ അനുമതി ഇല്ലാതെ ഒന്നും ചെയ്യില്ലെന്നും രാഹുല്‍ ആരോപിച്ചു. മോദിയും രമൺ സിംഗും ജനങ്ങൾക്ക് കപടവാഗ്ദാനങ്ങളാണ് നൽകുന്നത്. പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമായ ബസ്തറിലെ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇതിന്റെ പ്രയോജനമെല്ലാം എത്തുന്നത് മോദിയുടെയും രമൺ സിംഗിന്റെയും ചുരുക്കം ചില വ്യവസായ സുഹൃത്തുക്കൾക്കാണെന്നും രാഹുൽ പറഞ്ഞു.
സാധാരണ ജനങ്ങൾ ബാങ്കുകൾക്ക് മുന്നിലെ നീണ്ട വരിയിൽ കാത്തുനിൽക്കുമ്പോൾ നീരവ് മോദിയും വിജയ് മല്യയും ജനങ്ങളുടെ പണവുമായി കടന്നുകളഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.