1. ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ.ടി ജലീലിന് എതിരെ വീണ്ടും തെളിവുകൾ നിരത്തി യൂത്ത് ലീഗ്. മതിയായ യോഗ്യത ഇല്ലെന്ന് മന്ത്രി ആവർത്തിച്ച രണ്ട് പേർക്ക് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ രണ്ട് ശാഖകളിൽ ഡെപ്യൂട്ടി മാനേജർമാരായി നിയമനം നൽകി എന്ന് പി.കെ ഫിറോസ്. ബന്ധുവിന് നിയമനം നൽകാൻ സഹായിച്ചതിന് ഉള്ള പ്രത്യുപകാരം ആണിത് എന്നും ആരോപണം
2. മന്ത്രിയുടെ ബന്ധു ഹാജരാക്കിയ പല രേഖകളിലും പൊരുത്തക്കേട് ഉണ്ടെന്നും ഫിറോസ്. മന്ത്രിക്ക് എതിരെ വീണ്ടും ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത് എത്തിയത്, ജലീലിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ. നിയമനം നടത്തിയതിൽ തെറ്റ് സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ആരോപണത്തിൽ കഴമ്പില്ലെന്നും പരാതിയുള്ളവർ കോടതിയെ സമീപിക്കട്ടെ എന്നും സെക്രട്ടേറിയറ്റ്. ജലീലിന് എതിരെ നടപടി എടുക്കില്ലെന്നും വിശദീകരണം.
3. ആരോപണം ഉയർന്നപ്പോൾ മന്ത്രി നടത്തിയ വിശദീകരണം പ്രശ്നം വഷളാക്കി എന്ന് സി.പി.എം നേതൃത്വത്തിന് അഭിപ്രായം. അതിനിടെ, ബന്ധു നിയമനത്തിൽ വീണ്ടും വിശദീകരണവുമായി മന്ത്രി ജലീൽ. നിലവിലെ അഞ്ച് മാനദണ്ഡങ്ങൾ നിലനിറുത്തി ആണ് രണ്ടെണ്ണം കൂട്ടിച്ചേർത്തത്. കൂടുതൽ അപേക്ഷകരെ കിട്ടുന്നതിന് വേണ്ടി ആയിരുന്നു മാനദണ്ഡങ്ങൾ കൂട്ടിച്ചേർത്തത്. ഒരു വർഷത്തേക്കുള്ള നിയമനം ആയിരുന്നതിനാൽ പി.എസ്.സിയുമായി കൂടായാലോചനയോ വിജിലൻസ് ക്ലിയറൻസോ ആവശ്യമില്ല. സൗത്ത് ഇന്ത്യൻ ബാങ്കില്‍ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന അദീബിനെ അതിനേക്കാൾ താഴ്ന്ന ശമ്പളത്തിൽ ആണ് നിയമിച്ചത്.
4. ശബരിമല സ്ത്രീ പ്രവേശനത്തിലെ റിവ്യൂ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ നിലപാട് അറിയിച്ച് ദേവസ്വം ബോർഡ്. കോടതി ചോദിച്ചാൽ മാത്രം നിലപാട് അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വംം ബോർഡ് തീരുമാനം. തുലാമാസം പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനുമായി നട തുറന്നപ്പോൾ ഉണ്ടായ ശബരിമലയിലെ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും കോടതിയെ അറിയിക്കും.
5. കോടതിയിൽ സ്വീകരിക്കേണ്ട സമീപനത്തെപ്പറ്റി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ അഡ്വ. എം രാജഗോപാലൻ നായരോട് നിയമോപദേശം തേടാനും തിരുവനന്തപുരത്ത് ചേർന്ന ബോർഡ് യോഗത്തിൽ തീരുമാനം. അഭിഭാഷകൻ ആര്യാമ സുന്ദരം ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകും. കോടതിയിൽ നിലപാട് പറയേണ്ട സാഹചര്യം വന്നാൽ മാത്രം ആകും ദേവസ്വം ബോർഡ് അഭിപ്രായം പറയുക.
6. മണ്ഡലകാലത്ത് നട തുറക്കാനിരിക്കെ സുരക്ഷ കർശനമാക്കി പൊലീസ്. ശബരിമലയിൽ പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധം. തീർത്ഥാടകർ സ്വന്തം സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ നൽകി പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളിലും വാഹനങ്ങൾക്ക് പാസ് സൗജന്യമായി ലഭിക്കും. പാസ് ഇല്ലാത്ത വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ലെന്നും പൊലീസ്. അതിനിടെ, ദർശന സൗകര്യത്തിനായി കേരള പൊലീസ് ഒരുക്കിയിട്ടുള്ള പോർട്ടലിൽ 10നും 50 വയസിനും മദ്ധ്യേ പ്രായമുള്ള 550 യുവതികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി റിപ്പോർട്ട്, മൂന്നുലക്ഷത്തോളം പേർ ഇതിനോടകം മണ്ഡലകാലത്തേക്കായി പോര്‍ട്ടലില്‍ ബുക്ക് ചെയ്തിട്ടുണ്ട്
7. അഴീക്കോട് എം.എൽ.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. വിധിയിൽ കോടതി സ്റ്റേ അനുവദിച്ചത് രണ്ടാഴ്ചത്തേക്ക്. കോടതി ഉത്തരവ് വിധിക്ക് എതിരെ കെ.എം ഷാജി നൽകിയ ഹർജിയിൽ. ഒരാഴ്ചക്കകം 50,000 രൂപ കെട്ടി വയ്ക്കാനും കോടതി നിർദ്ദേശം. സുപ്രീംകോടതിയിൽ ഹർജി നല്‍കുന്നതിനാണ് ഹൈക്കോടതി സമയം അനുവദിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
8. സുപ്രീംകോടതിയെ സമീപിക്കണം എന്നതിനാൽ സ്റ്റേ ചെയ്യണം എന്നായിരുന്നു ഷാജിയുടെ ആവശ്യം. സുപ്രീംകോടതിയിൽ അപ്പീൽ നല്‍കി തീരുമാനം എടുക്കാം കാലതാമസം വന്നേയ്ക്കാം. അങ്ങനെ എങ്കിൽ അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എം.എൽ.എ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ആണ് കെ.എം. ഷാജിയുടെ ആവശ്യം പരിഗണിച്ച് കോടതി സ്റ്റേ അനുവദിച്ചത്
9. വർഗീയ ധ്രൂവീകരണത്തിന്റെ പേരിൽ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി രാവിലെ വിധി പുറപ്പെടുവിച്ചിരുന്നു. 6 വർഷത്തേക്കാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. വർഗീയ പ്രചാരണം നടത്തി എന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി നികേഷ് കുമാറിന്റെ പരാതിയിൽ ആയിരുന്നു വിധി. അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്ന് ഉത്തരവിട്ട ഹൈക്കോടതി വിജയിയായി പ്രഖ്യാപിക്കണം എന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയിരുന്നു
10. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നോട്ട് നിരോധനത്തിനും എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. സാധാരണ ജനങ്ങൾ ബാങ്കുകൾ ക്ക് മുന്നിലെ നീണ്ട വരിയിൽ കാത്തു നില്‍ക്കുമ്പോൾ നീരവ് മോദിയും വിജയ് മല്ല്യയും ജനങ്ങളുടെ പണവുമായി കടന്നു കളഞ്ഞു. ഛത്തിസ്ഗഡിൽ ദ്വിദിന തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുൽ കനകര്‍ ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു
11. നോട്ട് നിരോധനത്തെ തുടർന്ന് നമ്മൾ എല്ലാവരും നീണ്ട വരികളിൽ നിന്നിരുന്നു. എന്നാല്‍ കള്ളപ്പണമുള്ള ഒരാളെ പോലും കാണാനായില്ല. നരേന്ദ്രമോദിയും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഛത്തിസ്ഗഡിൽ. ബസ്തർ ജില്ലാ ആസ്ഥാനമായ ജഗ്ദൽപൂരിലെ റാലിയെ മോദി അഭിസംബോധന ചെയ്തു. അതേസമയം, മുഖ്യമന്ത്രി രമൺ സിംഗിന്റെ മണ്ഡലമായ രാജനന്ദഗാവിലാണ് ഇന്ന് വൈകിട്ട് രാഹുലിന്റെ റോഡ് ഷോ. ശനിയാഴ്ച കാൻകർ ജില്ലയിലെ ചാരമ, കൊണ്ടഗാവ് എന്നിവിടങ്ങളിലെ പ്രചരണ പരിപാടികളിലും രാഹുൽ ഗാന്ധി പങ്കെടുക്കും