കോഴിക്കോട്: കെ.എം. ഷാജി വർഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖ ഇറക്കിയെന്ന ആരോപണം വ്യാജമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. അത്തരമൊരു ലഘുലേഖയുമായി യു.ഡി.എഫിനോ മുസ്‌ലിംലീഗിനോ ബന്ധമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 21 ശതമാനം മാത്രം മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ ഇത്തരമൊരു പദങ്ങളും പരാമർശങ്ങളുമുളള ലഘുലേഖ കൊണ്ട് വർഗീയ ധ്രുവീകരണം നടത്തി വോട്ടു നേടാൻ ശ്രമിച്ചു എന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. കെ.എം ഷാജിയുടെ തോൽവിക്കായി ചിലർ ഇറക്കിയതാണ് ലഘുലേഖ. പക്ഷേ കോടതി അത് രേഖയായി അംഗീകരിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ പേരിൽ മുസ്‌ലിം ലീഗിൽ വർഗീയത ആരോപിക്കുന്നത് വിലപ്പോവില്ല. വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തയാളാണ് കെ.എം ഷാജിയെന്നത് കേരളീയ സമൂഹത്തിന് വ്യക്തതയുണ്ട്. അതിന്റെ പേരിൽ അദ്ദേഹത്തിനു നേരേ ഭീഷണിയുമുണ്ട്. ജീവൻ പണയം വച്ചും വർഗീയതക്ക് എതിരെ പോരാടുന്ന ഉജ്വല വ്യക്തിക്ക് എതിരായ വിധിക്കെതിരെ മേൽക്കോടതിയിൽ പോയി മുസ്‌ലിം ലീഗ് നിയമപരമായിത്തന്നെ നേരിടുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.