തിരുവനന്തപുരം: പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കസബ പൊലീസ് ശ്രീധരൻ പിള്ളയ്ക്ക് മേൽ ചുമത്തിയത് കള്ളക്കേസാണ്. അഭിപ്രായ സ്വാതന്ത്ര്യം കവരുന്ന സർക്കാരാണ് കേരളത്തിലുള്ളത്. പിണറായി കേരള സ്റ്റാലിനായി മാറുകയാണ്. ധൈര്യമുണ്ടെങ്കിൽ ശ്രീധരൻ പിള്ളയെ നാളെ അറസ്റ്റ് ചെയ്യട്ടെ. അയ്യപ്പ ഭക്തർക്ക് ശബരിമല സന്ദർശിക്കാൻ പിണറായിയുടെ വാറോല വേണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
യുവമോർച്ച സമ്മേളനത്തിൽ ദുരുദ്ദേശപരമായ പ്രസംഗം നടത്തിയെന്ന് പറഞ്ഞ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കസബ പൊലീസ് ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തത്. മതസ്പർദ്ധ ലക്ഷ്യം വച്ചുള്ള പ്രസംഗമാണെന്നും ശ്രീധരൻ പിള്ളക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി, കോഴിക്കോട് ജില്ലകളിലും പൊലീസിന് പരാതി ലഭിച്ചിരുന്നു.
തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജി ഹൈക്കോടതി ചൊവാഴ്ച് പരിഗണിക്കുന്നതിനാൽ ശ്രീധരൻ പിള്ളയുടെ അറസ്റ്റ് അതുവരെ ഉണ്ടാകില്ലായെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.