തിരുവനന്തപുരം : ആചാരലംഘനമുണ്ടായാൽ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചു. തന്ത്രി അഭിപ്രായം തേടിയതായി പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു.
എഴുതി നൽകിയ വിശദീകരണത്തിലാണ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ രാജീവര് നിഷേധിച്ചത്. കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ആചാര ലംഘനമുണ്ടായാൽ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചിരുന്നതായി വി.എസ്. ശ്രീധരൻ പിള്ള പറഞ്ഞത്. തന്റെ നിർദ്ദേശപ്രകാരമാണു നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിനെത്തുടർന്നാണ് ദേവസ്വം ബോർഡ് വിശദീകരണം ആവശ്യപ്പെട്ടത്.