തിരുവനന്തപുരം :കേരള യൂണി. ഇന്റർ കോളിജിയറ്റ് അത്ലറ്റിക്സിൽ ചെമ്പഴന്തി എസ്.എൻ. കോളേജ് ഓവറാൾ ചാമ്പ്യൻമാരായി. അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെ വെല്ലുവിളി മറികടന്ന് 97 പോയിന്റ് നേടിയാണ് ചെമ്പഴന്തി ഓവറാൾ കിരീടത്തിൽ മുത്തമിട്ടത്. 12 സ്വർണവും 7 വെള്ളിയും 3 വെങ്കലുവുമാണ് മീറ്റിൽ ചെമ്പഴന്തിയുടെ അക്കൗണ്ടിൽ എത്തിയത്. 7 സ്വർണവും 9 വെള്ളിയും 3 വെങ്കലവുമുൾപ്പെടെ 69 പോയിന്റ് നേടി സെന്റ് ജോൺസ് റണ്ണറപ്പായി. 4 സ്വർണവും 5 വെള്ളിയും 1 വെങ്കവും നേടി 39 പോയിന്റുമായി നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് മൂന്നാം സ്ഥാനം നേടി.പുരുഷ വിഭാഗത്തിൽ ചെമ്പഴന്തിയാണ് ഒന്നാം സ്ഥാനത്ത്. 71 പോയിന്റാണ് അവർ നേടിയത്.
30 പോയിന്റുമായി മാർ ഇവാനിയോസ് രണ്ടാം സ്ഥാനവും 22 പോയിന്റുമായി സെന്റ് ജോൺസ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ 47 പോയിന്റുമായി സെന്റ് ജോൺസ് ചാമ്പ്യൻമാരായി. 28 പോയിന്റോടെ കാര്യവട്ടം എൽ.എൻ.സി.പി.ഇ രണ്ടാം സ്ഥാനവും 26 പോയിന്റുമായി ചെമ്പഴന്തി മൂന്നാം സ്ഥാനവും നേടി.മീറ്രിലെ മികച്ച താരങ്ങളായി ചെമ്പഴന്തിയിലെ നിർമൽ സാബുവിനെയും കൊല്ലം എസ്.എൻ. കോളേജിലെ പി.ഒ.സയനയേയും തിരഞ്ഞെടുത്തു. ലോംഗ് ജമ്പിൽ 7.38 മീറ്റർ ചാടിയാണ് നിർമൽ സ്വർണമണിഞ്ഞത്. 400 മീറ്ററിൽ നിലവിലെ മീറ്ര് റെക്കാഡുകാരിയയ (56.03 സെക്കൻഡ്) സയന 56.25 സെക്കന്റിലാണ് ഇത്തവണ പൊന്നണിഞ്ഞത്. മീറ്രിന്റെ അവസാന ദിനമായ ഇന്നലെ രണ്ട് റെക്കാഡുകളാണ് പിറന്നത്.ചെമ്പഴന്തിയുടെ താരങ്ങളായ പി. അഞ്ജലി ഫ്രാൻസിസും മുഹമ്മദ് ഫൈസുമാണ് ഇന്നലത്തെ റെക്കാഡ് തിളക്കങ്ങൾ. പോൾവോൾട്ടിൽ 3.20 മീറ്റർ ക്ലിയർചെയ്താണ് അഞ്ജലി തന്റെ തന്നെ പേരിലുള്ള റെക്കാഡ് തിരുത്തിയത്.
110 മീറ്റർ ഹർഡിൽസിൽ സി മുഹമ്മദ്ഫൈസ്14.51 സെക്കൻഡിൽ പുതിയ റെക്കാഡ് കുറിച്ചപ്പോൾ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന്റെ പോൾ ജോസഫ് 2013ൽ കുറിച്ച 14.60 സെക്കൻഡിന്റെ മുൻ റെക്കാഡ് പഴങ്കഥയായി.