മാനന്തവാടി: ശബരിമല ദർശനത്തിന് പൊലീസ് സ്റ്റേഷനിൽ നിന്നുളള പാസ് വാങ്ങണമെന്നുളള സർക്കാർ തീരുമാനം ചെറുത്ത് തോൽപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ് ശ്രീധരൻ പിളള മുന്നറിയിപ്പ് നൽകി.ശബരിമല സംരക്ഷണ യാത്രക്ക് വയനാട്ടിലെ മാനന്തവാടിയിൽ നൽകിയ ആവേശകരമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സ്റ്റേഷനുകളിൽ ചെന്ന് ശബരിമല യാത്രക്കാരുടെ വാഹനത്തിന് പാസ് വാങ്ങുക എന്നത് എവിടുത്തെ ന്യായമാണ്. അഞ്ച് കോടിയിലധികം ജനങ്ങൾ ശബരിമലയിൽ എത്തുന്നുണ്ട്. ഇവർക്കൊക്കെ എങ്ങനെ പാസ് വാങ്ങാനൊക്കും.എന്തൊരു വിരോധാഭാസമാണിത്?.ശബരിമലയുടെ ദൈനംദിന കാര്യങ്ങളിൽ മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രനും എന്തിനാണ് ഇടപെടുന്നത്?.ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം കോടതികൾക്ക് എതിരല്ല.ഞങ്ങൾ ആരെയും ആക്രമിക്കുന്നില്ല. എന്നിട്ടും ഇങ്ങോട്ടാണ് കല്ലെറിയുന്നത്. പൊലീസ് രാജ് ഒന്നിനും പരിഹാരമാകില്ല.സി.പി.എമ്മിന്റെ ഇരുണ്ട മനസ്ഥിതി മാറ്റുക തന്നെ വേണം.ജനഹിതമാണ് വഴികാട്ടിയായി നമ്മുടെ മുന്നിലുളളത്.അതാണ് ശക്തിയും.രാജ്യത്താകെ പ്രതിഷേധം അലയടിക്കുന്നു. ഇരുട്ടിന്റെ സന്തതികൾ ഇൗ പ്രതിഷേധം കാണണം.ഞങ്ങൾ ആർക്കും എതിരല്ല.ഇൗശ്വരൻ ഒരു ആശ്വാസമാണ്. വിശ്വാസികളെ വെല്ലുവിളിക്കുന്ന സർക്കാർ നയം മാറ്റിയേ പറ്റൂ.