തിരുവനന്തപുരം∙ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നട തുറക്കുന്ന ദിവസങ്ങളിലും അതിനുശേഷവും വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം നടത്താൻ പൊലീസ് തീരുമാനിച്ചു. പത്തനംതിട്ട ഡി.സി.പി ആയിരിക്കും വ്യോമ നിരീക്ഷണത്തിന്റെ നോഡൽ ഓഫിസർ. നിലയ്ക്കലിലെ ഹെലിപ്പാഡ് ഇതിനായി സജ്ജമാക്കും.
കൊച്ചി നേവൽ ബേസിൽ നിന്നായിരിക്കും സർവീസ്. നേവൽ വിംഗിനോടൊപ്പം ഒരു ഐ.പി.എസ് ഓഫിസറും ഉണ്ടായിരിക്കും. എറണാകുളംറേഞ്ച് ഐ.ജിക്കായിരിക്കും ഇതിന്റെ മേൽനോട്ടം. നവംബർ 16, ഡിസംബർ അഞ്ച്, ആറ്, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമ നിരീക്ഷണം നടത്താൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റത്തെ കെ.എസ്.ആർ.ടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. www.sabarimalaq.com എന്ന സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. ഇവർക്ക് ഡിജിറ്റൽ ക്യൂ എൻട്രി കാർഡ് നല്‍കും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവരെ മാത്രമേ പമ്പയിൽ നിന്ന് കടത്തിവിടൂ.
പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാൻ കഴിയാത്ത ഈ കാർഡുള്ളവർക്കു മാത്രമേ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ നല്‍കൂ. കാർഡ് പരിശോധിക്കാൻ പത്തു കേന്ദ്രങ്ങൾ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഒൻപത് എസ്.ഐമാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റൽ ക്യൂ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. എസ്.സി.ആർ.ബി എ.ഡി.ജി.പിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല. .