ബെംഗലൂരു: നോട്ട് നിരോധനം മൂലം ജനങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് 50 ദിവസം തരൂ, അല്ലെങ്കിൽ ജീവനോടെ കത്തിക്കു എന്ന നരേന്ദ്ര മോദിയുടെ പ്രസ്‌താവനയുടെ ചുവട് പിടിച്ച് മോദിയെ കത്തിക്കാൻ സമയമായെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.ബി. ജയച്ചന്ദ്ര. ജയച്ചന്ദ്രയുടെ വാക്കുകൾ വൻ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്.
"നോട്ട് നിരോധനത്തിന് ശേഷം ജനങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി 50 ദിവസമാണ് ആവശ്യപ്പെട്ടത്. ആ പരീക്ഷണം വിജയിക്കാനായില്ല എങ്കിൽ തന്നെ ജീവനോടെ കത്തിക്കുവാനും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ മോദിയെ ജീവനോടെ കത്തിക്കാനുള്ള സമയമായി കഴിഞ്ഞു." - മാദ്ധ്യമങ്ങളോട് സംസാരിക്കവേ ജയച്ചന്ദ്ര പറഞ്ഞു. നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ജയച്ചന്ദ്രയുടെ വിവാദ പ്രസ്താവന. ജനാധിപത്യത്തിൽ എന്തെങ്കിലും വിശ്വാസമുണ്ടെങ്കിൽ പ്രധാനമന്ത്രി രാജി വയ്ക്കണമെന്നും ജയച്ചന്ദ്ര പറഞ്ഞു.
അതിനിടെ ജയച്ചന്ദ്രയുടെത് അതിരുകടന്ന പ്രസ്താവനയാണെന്ന് പറഞ്ഞ് ബി.ജെ.പി കർണാടക പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ ഉൾപ്പെടെ അനവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.