isl

ഐ.എസ്.എൽ : മുംബയ് 1-0ത്തിന് നോർത്ത് ഈസ്റ്രിനെ കീഴടക്കി

ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് സിറ്റി എഫ്.സി ഏകപക്ഷീയമായ ഒരുഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്രഡിനെ കീഴടക്കി. 4-ാം മിനിറ്റിൽ അർനോൾഡ് ഇസോക്കോയാണ് മുംബയുടെ വിജയ ഗോൾ നേടിയത്. ഇതോടെ 7 മത്സരങ്ങളിൽ നിന്ന് 4 ജയമുൾപ്പെടെ പതിമ്മൂന്ന് പോയിന്റുമായി മുംബയ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി നോർത്ത് ഈസ്റ്ര് ആറാംസ്ഥാനത്താണ്.

നോർത്ത് ഈസ്റ്രിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്രിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബയ്‌യെക്കാളും മുൻതൂക്കം നോർത്ത് ഈസ്റ്റിനായിരുന്നെങ്കിലും ഇസോക്കോയുടെ ഗോൾ അവരെ പരാജയ വഴിയിലേക്ക് തള്ളിവിടുകയായിരുന്നു. ഷോട്ടുകളിലും ബാൾ പൊസഷനിലും പാസിംഗിലുമെല്ലാം മികച്ച് നിന്നത് നോർത്ത് ഈസ്റ്റ് തന്നെയായിരുന്നു. നോർത്ത് ഈസ്റ്ര് 18 ഷോട്ടുകൾ ഉതിർത്തപ്പോൾ 13 ഷോട്ടുകളാണ് മുംബയ് തൊടുത്തത്. 69 ശതമാനമായിരുന്നു നോർത്ത് ഈസ്റ്റിന്റെ ബാൾ പൊസഷൻ. മുംബയ്‌യുടേത് 31 ശതമാനവും.

നേരത്തേ ഗോവയ്ക്കെതിരെ 5-0ത്തിന്റെ നാണംകെട്ട തോൽവി വഴങ്ങിയ മുംബയ്‌യുടെ ലീഗിൽ തുടർച്ചയായ മൂന്നാം ജയമാണിത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ 2-0ത്തിന്റെ ജയം നേടിയതിന്റെ ആത്മ വിശ്വാസവുമായിറങ്ങിയ നോർത്ത് ഈസ്റ്രിന് ഈ തോൽവി അപ്രതീക്ഷിത തിരിച്ചടിയായി.