ലക്നൗ: അലഹബാദിനും ഫൈസാബാദിനും പിന്നാലെ ആഗ്രയുടെയും പേരുമാറ്റണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ.. ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേരുമാറ്റണമെന്നാണ് ബി.ജെ.പിയുടെ ജഗൻപ്രസാദ് ഗാർഗ് ആവശ്യപ്പെട്ടത്. അഗർവാൾ എന്നോ അഗർവാൻ എന്നോ ആക്കി മാറ്റണമെന്നാണ് ആവശ്യം. ആഗ്ര എന്ന വാക്കിന് ഒരു പ്രസക്തിയുമില്ല. പണ്ടുകാലത്ത് കാടുപിടിച്ച കിടന്ന ഇവിടെ അഗർവാൾ എന്ന വിഭാഗമാണ് ജീവിച്ചിരുന്നത്. അതുകൊണ്ട് അഗർവാൾ എന്നോ അഗർവാൻ എന്നോ മാറ്റണമെന്ന് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം മുസഫർ നഗറിന്റെ പേര് ലക്ഷ്മി നഗർ എന്നാക്കി മാറ്റണമെന്ന് ബി.ജെ.പിയുടെ മറ്റൊരു എം.എൽ.എ സൻഗീത് സോം ആവശ്യമുന്നയിച്ചു. ഇന്ത്യയുടെ സംസ്കാരം തിരിച്ചുപിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഹിന്ദുത്വം അവസാനിപ്പിക്കാൻ ശ്രമിച്ച മുസ്ലിം ഭരണാധികാരികളുടെ പേരുകൾ മാറ്റി യഥാർത്ഥ പേരുകളാണ് നൽകുന്നതന്നും സോം പറഞ്ഞു.