cricket

വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യ 34 റൺസിന് ന്യൂസിലൻഡിനെ കീഴടക്കി

ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറിന് സെഞ്ച്വറി

ഗയാന: ഐ.സി.സി. ട്വന്റി - 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ക്യാപ്‌ടൻ ഹർമ്മൻ പ്രീത്കൗറിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ 34 റൺസിന് ന്യൂസിലൻഡിനെ കീഴടക്കി.ആദ്യം ബാറ്രിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു.മറുപടിക്കിറങ്ങിയ ന്യൂസിലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ടോസ് നേടി ബാറ്രിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്‌ടന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ ഹർമ്മൻ പ്രീത് കൗറിന്റെ (103) തകർപ്പൻ സെഞ്ച്വറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. വനിതാ ട്വിന്റി -20 യിൽ ഒരിന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് ഓപ്പണർ താന്യ ഭാട്ട്യ (9) ഇന്ത്യൻ അക്കൗണ്ട് തുറന്നത്. ഒരു ഫോറും കൂടെ നേടിയെങ്കിലും താന്യയുടെ ഇന്നിംഗ്സ് അധികം നീണ്ടില്ല. താന്യയെ തഹുതു രണ്ടാം ഒാവറിലെ രണ്ടാം പന്തിൽ ക്ലീൻബൗൾഡാക്കി. അധികം വൈകാതെ സൂപ്പർതാരം സ്‌മൃതി മന്ദാനയെ (2) തഹുതുവിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽ ജെൻസൺ പിടിച്ച് പുറത്താക്കി. ഹേമലതയെ (15) കാസ്പറക്ക് തഹുതുവിന്റെ കൈയിൽ എത്തിച്ചു. തുടർന്ന് 40/3എന്ന നിലയിൽ ക്രീസിലെത്തിയ ഹർമ്മൻ പ്രീത് ജമീമ റോഡ്രിഗസിനൊപ്പം (59) ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്തു. 45 പന്തിൽ നിന്ന് 7 ഫോറുൾപ്പെടെ 59 റൺസെടുത്ത ജമീമയെ ഡെവിന്റെ പന്തിൽ കാത്തി മാർട്ടിൻ സ്റ്രമ്പ് ചെയ്തതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. അവസാന ഓവറിലാണ് ഹർമ്മൻ സെഞ്ച്വറി തികച്ചത്. 51 പന്തിൽ 7 ഫോറും 8 സിക്സും ഉൾപ്പെടെ 103 റൺസെടുത്ത ഹർമ്മൻപ്രീതിനെയും ഡെവിന്റെ പന്തിൽ കാത്തി മാർട്ടിൻ സ്റ്രമ്പ് ചെയ്താണ് പുറത്താക്കിയത്. വേദ കൃഷ്ണമൂർത്തിയും (2), രാധാ യാദവും (0) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിഗിനിറങ്ങിയ കിവീസിനെ ഇന്ത്യൻ സ്പിന്നർമാരായ ഡയലാൻ ഹേമലതയും പൂനം യാദവും ചേർന്ന് ചുരുട്ടിക്കെട്ടുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രാധാ യാദവ് രണ്ടും അരുന്ധതി റെഡ്ഡി ഒരു വിക്കറ്രും നേടി. അർദ്ധ സെ‌ഞ്ച്വറി നേടിയ സുസി ബൈറ്റ്സിനും (69), കാത്തി മാർട്ടിനും (39) മാത്രമാണ് കിവി ബാറ്രിംഗ് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. നാളെ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.