air-hostess
air hostess

മനില: വിമാനത്തിൽ വിശന്നുകരഞ്ഞ പിഞ്ചുകുഞ്ഞിനെ മുലയൂട്ടിയ എയർ ഹോസ്റ്റസ് പട്രിഷ്യ ഓഗനോയെ അഭിനന്ദനം കൊണ്ടുമൂടുകയാണ് സോഷ്യൽ മീഡിയ. ഫിലിപ്പീൻസ് ഫ്ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ.

കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനം പുറപ്പെട്ടുതുടങ്ങിയതിന് ശേഷമാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷ കേട്ടത്. പട്രീഷ അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാൽ പാലില്ലെന്നും ഫോർമുല മിൽക്ക് കിട്ടാൻ വല്ല വഴിയുമുണ്ടോ എന്നും അമ്മ പട്രിഷ്യയോട് അന്വേഷിക്കുകയായിരുന്നു. എന്നാൽ ഫോർമുല മിൽക്കില്ലാത്തതിനാൽ പട്രീഷ ഉടൻതന്നെ കുഞ്ഞിനെ മുലയൂട്ടാൻ തയ്യാറാവുകയായിരുന്നു.

കുഞ്ഞിന്റെ വിശപ്പ് മാറ്റാൻ എനിക്കപ്പോൾ അതുമാത്രമേ ചെയ്യാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടാണ് മുലയൂട്ടിയത് എന്ന് പട്രിഷ്യ പറഞ്ഞു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏൽപ്പിച്ചത്.

ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് പട്രീഷ. പട്രീഷ തന്നെയാണ് തന്റെ അനുഭവം ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്ത് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.