കൊളംബോ: ഏറെ നാൾ നിണ്ടുനിണ്ട വിവാദങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന ഒപ്പുവച്ചു. ഇതോടെ ശ്രീലങ്കയിൽ തിരഞ്ഞെടുപ്പിനു കളമൊരുങ്ങി.
താൻ പ്രധാനമന്ത്രി പദത്തിലേക്കു നിർദേശിച്ച മഹീന്ദ രാജപക്സെയ്ക്കു പിന്തുണ തെളിയിക്കാൻ ആവശ്യമായ അംഗങ്ങൾ ഒപ്പമില്ലെന്നു വെള്ളിയാഴ്ച പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായതിൽ നിന്ന് എട്ട് അംഗങ്ങളുടെ കുറവുണ്ടെന്നാണ് രാജപക്സെയുടെ യുനൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് അറിയിച്ചത്. 225 അംഗ പാർലമെന്റ് പിരിച്ചുവിട്ടുള്ള ഉത്തരവ് വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ സർക്കാരിനു രണ്ടു വർഷം കാലാവധി ബാക്കിനിൽക്കവെയാണ് സിരിസേന രാജപക്സെയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്.
പാർലമെന്റ് തിരഞ്ഞെടുപ്പ് ജനുവരിയിൽ നടക്കാനാണു സാദ്ധ്യതയെന്ന് പേരുവെളിപ്പെടുത്താത്ത ഒരു മന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.