മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ ഒരേ സമയം മലയാളത്തിലും തെലുങ്കിലും റിലീസ് ചെയ്യുന്നു. ജനതാ ഗാരേജിന് ശേഷം തെലുങ്കിൽ മോഹൻലാലിന്റെ വിപണി മൂല്യം വർദ്ധിച്ചതിനാലാണ് ചിത്രം തെലുങ്കിൽ ഡബ്ബ് ചെയ്യാൻ തീരുമാനിച്ചത്. ദഗ്ഗുബട്ടി ക്രിയേഷൻസിന്റെ ബാനറിൽ ദഗ്ഗുബട്ടി അഭിറാം സമ്പത്ത്കുമാർ എന്നിവർ ചേർന്നാണ് ഒടിയൻ തെലുങ്കിൽ അവതരിപ്പിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതനായ വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലറായ ഒടിയന്റെ രചന നിർവഹിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്.
മോഹൻലാലിനൊപ്പം പ്രകാശ് രാജ്, സിദ്ദിഖ്, മനോജ് ജോഷി, നരേൻ, നന്ദു, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സന അൽത്താഫ്, ശ്രീജയ നായർ തുടങ്ങിയവർ വേഷമിടുന്ന ഒടിയൻ ഡിസംബർ പന്ത്രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പീറ്റർ ഹെയ്നാണ് സംഘട്ടന സംവിധായകൻ.
പാലക്കാട്, അതിരപ്പിള്ളി, വാഗമൺ, എറണാകുളം, വാര ണാസി എന്നിവിടങ്ങളിലായി മൂന്നു ഷെഡ്യൂളുകളിലായി പൂർത്തിയായ ഒടിയൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് മാക്സ് റിലീസാണ്.