ബോളിവുഡ് താരം സൊനാലി ബെന്ദ്രയെ പ്രേക്ഷകർ മറക്കാനിടയില്ല. സർഫറോഷ്, ഡ്യൂപ്ളിക്കേറ്റ് എന്നീ ചിത്രങ്ങളിലൂടെ ഒന്നാം നിരയിലേക്ക് ഉയർന്ന നായിക.വെള്ളിത്തിരയിൽ കത്തി നിൽക്കുമ്പോഴാണ് വിവാഹത്തെ തുടർന്ന്സൊനാലി സിനിമ വിട്ടത്.ഇപ്പോൾ സൊനാലിയെക്കുറിച്ച് കേൾക്കുന്നത് നല്ല വാർത്തകളല്ല.കാൻസർ രോഗബാധിതയായ സൊനാലി ചികിത്സയുമായി ബന്ധപ്പെട്ട് ന്യൂയോർക്കിലാണ്.ഒപ്പം നിർമ്മാതാവും സംവിധായകനുമായ ഗോൾഡിബേലും മകൻ രൺവീറുമുണ്ട്.കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സൊനാലി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
കീമോതെറാപ്പി തന്റെ കാഴ്ചയെ ബാധിച്ചുവെന്നും നല്ല പുസ്തകങ്ങൾ വായിക്കാനുള്ള അവസരം നഷ്ടമാകുന്നുവെന്നും സൊനാലി ട്വീറ്റ് ചെയ്തത് ആരാധകരെ സങ്കടത്തിലാഴ് ത്തി.എന്നാൽ കാൻസറിനെ തോല്പിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് സൊനാലി .
മുംബയ് യെക്കാൾ വൈകിയാണ് ദീപാവലി ന്യൂയോർക്കിലെത്തുന്നതെന്നും ഇന്ത്യൻ വസ്ത്രങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും പൂജയും മധുരവുമായി ദീപാവലി ആഘോഷിക്കാനായിയെന്നുമായിരുന്നു സൊനാലിയുടെ ട്വീറ്റ്. മണിരത്നം സംവിധാനം ചെയ്ത ബോംബെയിലെ അന്ത അറബിക്കടലോരം എന്ന നൃത്തരംഗത്തിലെ പെർഫോമൻസാണ് സൊനാലിയെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.