തിരുവനന്തപുരം: ''രാജുമോൻ ഒരിക്കലെന്നോട് ചോദിച്ചു... അങ്കിളിന്റെ ഫാദറാരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ള രാജാവ് ". രാജാവിന്റെ മകൻ എന്ന സിനിമയിൽ ലാലേട്ടൻ കൈയടി വാങ്ങിക്കൂട്ടിയ ഈ തീപ്പൊരി ഡയലോഗ് നമുക്ക് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ചായക്കട നടത്തുന്ന നിർമ്മല അമ്മയുടെ കടയിൽ കാണാനാകും. നിർമ്മല അമ്മ ഒരു കട്ട ലാലേട്ടൻ ഫാനാണ്.
മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി വാർഡിന് സമീപം ''നാടൻ തട്ടുകട" എന്ന പേരിലുള്ള നിർമ്മല അമ്മയുടെ ചായക്കട മുഴുവൻ ലാലേട്ടന്റെ സിനിമാ ഡയലോഗുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. കടയോട് ചേർന്ന് തന്നെയാണ് വീടും. ചായ കുടിക്കാൻ വരുന്നവർക്ക് ലാലേട്ടന്റെ പഴയകാല സിനിമകളിലൂടെ ഒന്ന് സഞ്ചരിക്കാം. മെഡിക്കൽ കോളേജ് ചരുവിളാകത്ത് വീട്ടിൽ നിർമ്മല (55) ഈ ചായക്കട തുടങ്ങിയിട്ട് ആറ് വർഷത്തിലേറെയായി. എന്നാൽ രണ്ടു വർഷം മുമ്പാണ് ലാലേട്ടനോടുള്ള ആരാധന മൂത്ത് ചായക്കട സിനിമാ ഡയലോഗുകൾ കൊണ്ട് നിറയ്ക്കാൻ തീരുമാനിച്ചത്. അങ്ങനെ ഇന്റീരിയർ ഡിസൈനറായ കഠിനംകുളം സ്വദേശി ജവഹർ ആന്റണിയെ സമീപിച്ച് ചുമര് മുഴുവൻ ലാലേട്ടന്റെ ഡയലോഗുകളും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കൊണ്ട് നിറച്ചു. രാവിലെ ഇവിടെയെത്തിയാൽ നല്ല ചൂടൻ ദോശയും ഇടിയപ്പവും ഇഡ്ഡലിയുമൊക്കെ കഴിക്കാമെന്നതിന് പുറമേ ലാലേട്ടന്റെ തകർപ്പൻ സിനിമകളെ ഒന്നോർക്കുകയുമാവാം. അയാൾ കഥ എഴുതുകയാണ്, സ്ഫടികം, ഇരുപതാം നൂറ്റാണ്ട്, ചിത്രം, ഏയ് ഒാട്ടോ തുടങ്ങി ലാലേട്ടന്റെ സൂപ്പർ ഡ്യൂപ്പർ സിനിമകളുടെ ഡയലോഗുകളാണ് ചുമരു നിറയെ.
റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്ന നിർമ്മല അമ്മയുടെ ഭർത്താവ് അനിൽകുമാർ 2003 ലാണ് മരിച്ചത്.
ചായക്കടയിൽ അമ്മയെ സഹായിക്കാനായി മക്കളായ അരുൺ കുമാർ, അനീഷ് കുമാർ, അശ്വതി എന്നിവർ എപ്പോഴുമുണ്ട്.