തിരുവനന്തപുരം: മീശ വയ്ക്കാനും മൂക്കു കുത്താനും വരെ ജാതി വിലക്കുകളുണ്ടായിരുന്നൊരു കാലം കേരളീയർക്കുണ്ടായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ നീണ്ടു നിന്ന ഇരുൾമൂടിയൊരു കാലഘട്ടം. അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ചാതുർ വർണ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ജാതിശ്രേണികൾ, അസമത്വം എന്നിങ്ങനെ പോകുന്ന അനാചാരങ്ങൾ. എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ ഭ്രാന്താലയത്തിൽ നിന്ന് വികസന മാതൃകയിലേക്ക് കേരളം പരിവർത്തനം ചെയ്യപ്പെട്ടത് ദശകങ്ങൾ നീണ്ട നവോത്ഥാന പ്രക്രിയയിലൂടെയാണ്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നവോത്ഥാന മുന്നേറ്റമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം.1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വീരോചിത സ്മരണ പുതുക്കി നവോത്ഥാന വഴിയിലൂടെ കേരളം മുന്നോട്ട് എന്ന മുദ്രാവാക്യത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷങ്ങൾ ആരംഭിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് വി.ജെ.ടി ഹാളിൽ 'ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്" എന്ന നവോത്ഥാനത്തിന്റെ കഥ പറയുന്ന ചരിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. നവോത്ഥാനത്തിന്റെ വഴിയിലേക്ക് കേരളത്തെ നയിച്ച ശ്രീനാരായണ ഗുരുദേവനും തൈക്കാട് അയ്യയും അടക്കമുള്ള ചരിത്രകഥകളിലൂടെയാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ വീരഗാഥ ആരംഭിക്കുന്നത്. ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെ കൈപ്പടയിൽ എഴുതിയ മഹത്വചനങ്ങളുടെയും ക്ഷേത്രപ്രവേശനവിളംബരം അടക്കമുള്ളവയുടെ പ്രതികളും വലിയ കാൻവാസുകളിൽ ചരിത്രപ്രദർശനത്തിൽ ഇടം നേടിയിട്ടുണ്ട്. നിസാരം എന്ന് ഇന്നത്തെ തലമുറയ്ക്ക് തോന്നാവുന്ന വഴിനടക്കാനുള്ള സ്വാതന്ത്ര്യവും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവുമൊക്കെ എങ്ങനെ പടിപടിയായി ഒരു കൂട്ടം ജനത നേടിയെടുത്തു എന്നതിന്റെ വിശദമായ നേർരേഖ ഒരുക്കാൻ സംഘാടകർക്കായി എന്നത് മികവ് തന്നെയാണെന്ന് പ്രദർശനം കാണാനെത്തിയവർ ഒരേ സ്വരത്തിൽ പറയുന്നു. ചാന്നാർ കലാപത്തെക്കുറിച്ചും അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചുമുള്ള വിശദമായ കാൻവാസുകൾ പ്രദർശനത്തിലുണ്ട്.
ഉച്ചനീചത്വങ്ങൾ ഇല്ലാത്ത കേരള സമൂഹം പടുത്തുയർത്തുന്നതിന് വഴിയൊരുക്കിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികം വിപുലമായി ആഘോഷിക്കുന്നതിനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സർക്കാരിതര സംഘടനകളുടെയും സഹകരണത്തോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. 12ന് പ്രദർശനം അവസാനിക്കും.
നവോത്ഥാനത്തിൽ കേരളകൗമുദിയും
കേരളത്തിന്റെ നവോത്ഥാന വളർച്ചയിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച മാദ്ധ്യമമാണ് കേരളകൗമുദി. അതുകൊണ്ട് തന്നെയാണ് നവോത്ഥാനത്തിന്റെ ചരിത്രം പറയുമ്പോൾ കേരളകൗമുദിയെ ഒരിക്കലും മാറ്റി നിറുത്താൻ കഴിയാത്തതും. ഇതിന് ഉത്തമ ഉദാഹരണമാണ് 1925ൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത അതേപടി കാൻവാസിലാക്കി ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചരിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതും."സിംഗിൾ ചായ ചോദിച്ചതിന് പിഴ" എന്ന തലക്കെട്ടിൽ തൊണ്ണൂറു വർഷം മുമ്പ് കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്. സവർണജാതിക്കാരന്റെ കടയാണെന്ന് അറിയാതെ ചായ ചോദിച്ചതിന് പിഴ ഒടുക്കേണ്ടി വന്ന ഒരു ഇടപ്പള്ളിക്കാരന്റെ ദുർഗതിയെക്കുറിച്ചാണ് വാർത്ത. ചായയ്ക്ക് പകരം ഒരു രൂപ പിഴയും നാലടി ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്നു.