തിരുവനന്തപുരം: ശില്പകലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച ശില്പി കാനായി കുഞ്ഞിരാമന്റെ ജീവിതത്തിലേക്ക് ചിത്രങ്ങളിലൂടെയൊരു എത്തിനോട്ടം. സൂര്യ ഫെസ്റ്റിവലിൽ ന്യൂസ് ഫോട്ടോഗ്രാഫറായ ജിതേഷ് ദാമോദർ ഒരുക്കുന്ന കാനായി കുഞ്ഞിരാമൻ ഫോട്ടോ പ്രദർശനം നാളെ മുതൽ 20 വരെ തൈക്കാട് ഗണേശത്തിൽ നടക്കും.
കാനായി കുഞ്ഞിരാമനോടൊപ്പം കഴിഞ്ഞ പതിന്നാല് വർഷമായി സഞ്ചരിച്ച് ആ കലാജീവിതം കാമറയിൽ പകർത്തിയിരിക്കുകയാണ് ജിതേഷ്. കാസർകോടുള്ള കാനായിയുടെ ജനിച്ചവീടും വളർന്ന മണ്ണും പഠിച്ച സ്കൂളും ചാടിക്കളിച്ച ചെമ്പകവും ഒക്കെ ഗൃഹാതുരത്വത്തോടെയുള്ള ഓർമ്മ പുതുക്കലും ചേർത്താണ് അദ്ദേഹത്തിന്റെ വിശാലമായ കലാജീവിതം ചിത്രീകരിച്ചത്. ആയിരക്കണക്കിന് ഫ്രെയിമുകളിൽ നിന്ന് വേർതിരിച്ചെടുത്ത എൺപത് ചിത്രങ്ങൾ. അത് ശില്പം, നിർമ്മാണം, ജീവിതം എന്നീ വിഭാഗങ്ങളിലായി നിജപ്പെടുത്തി. മനോഹരമായ ഈ എൺപത് ചിത്രങ്ങൾ ഇക്കഴിഞ്ഞ ഏപ്രിലിൽ കനകക്കുന്നിൽ പ്രദർശിപ്പിച്ചിരുന്നു. കാനായി കുഞ്ഞിരാമൻ എന്ന വലിയ കലാകാരനെ ഇഷ്ടപ്പെടുന്നവർ മുഴുവനും കനകക്കുന്നിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാൻ എത്തുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, എ. സമ്പത്ത് എം.പി, മേയർ വി.കെ. പ്രശാന്ത്, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവർ കനകക്കുന്നിൽ എത്തിയിരുന്നു.
കെ.സി.എസ്. പണിക്കരുടെ കീഴിൽ മദ്രാസ് സ്കൂൾ ഒഫ് ആർട്സിൽ ചിത്രകല അഭ്യസിച്ച കാനായി 1965ൽ ലണ്ടൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ സ്ലോഡ് സ്കൂൾ ഒഫ് ആർട്സിൽ ഉപരിപഠനം നടത്തി. അതിന് ശേഷമാണ് പാലക്കാട് മലമ്പുഴയിൽ യക്ഷി പിറവിയെടുത്തത്. തുടർന്ന് കേരളത്തിലും ഡൽഹിയിലും പഞ്ചാബിലും തമിഴ്നാട്ടിലും കർണാടകയിലുമായി പല ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി നിരവധി ശില്പങ്ങൾക്ക് രൂപം കൊടുത്തു. ആലപ്പുഴയിലെ മുല്ലക്കൽ ക്ഷേത്രവും എഫ്.എ.സി.ടിയിലെ ഫെർട്ടിലിറ്റിയും കൊച്ചി ജി.സി.ഡിയിലെ മുക്കോലപെരുമാളും വേളി ടൂറിസ്റ്റ് വില്ലേജ്, ശംഖുംമുഖം ജലകന്യക, കണ്ണൂർ പയ്യാമ്പലം ബീച്ചിലെ അമ്മയും കൊല്ലത്തെ ദ്വാരപാലകനും കോട്ടയത്തെ അമ്മ ശില്പവും എന്നിവ കാനായിയുടെ വ്യതിരിക്തമായ വൈഭവത്താൽ ശില്പങ്ങളായി പിറവികൊണ്ടു.
സൂര്യ ഫെസ്റ്റിവലിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന പ്രദർശനം നാളെ വൈകിട്ട് 6ന് സംവിധായകനും കേരള ചലച്ചിത്ര അക്കാഡമി ചെയർമാനുമായ കമൽ ഉദ്ഘാടനം ചെയ്യും.
മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, നടനും ഫാഷൻ ഫോട്ടോഗ്രാഫറുമായ അരുൺസോൾ എന്നിവർ ആശംസ അർപ്പിക്കും.
സൂര്യ കൃഷ്ണമൂർത്തി സ്വാഗതവും ജിതേഷ് ദാമോദർ നന്ദിയും പറയും. ജിതേഷ് ദാമോദറിന്റെ ഫോൺ: 949 666 9971