തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കരാറെടുത്തവർക്ക് വാട്ടർ അതോറിട്ടിയിൽ നിന്ന് തുക ലഭിക്കാത്തത് ഇരുട്ടടിയായി. അടുത്ത പൊങ്കാല കൂടി വരവെ പണം എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ കരാറുകാർക്ക് യാതൊരു നിശ്ചയവുമില്ല. സാമ്പത്തിക പ്രതിസന്ധി കാരണം മറ്റ് കരാറുകളൊന്നും ഏറ്റെടുക്കാനാകാത്ത അവസ്ഥയിലാണ് കരാറുകാർ.
കഴിഞ്ഞ പൊങ്കാലയുമായി ബന്ധപ്പെട്ട് ജല അതോറിട്ടി, ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, തിരുവനന്തപുരം നഗരസഭ, പൊലീസ് ഡിപ്പാർട്ട്മെന്റ് എന്നിവയ്ക്കായി 3.05 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ടെൻഡർ നൽകുന്നതിനായി ഭരണപരമായ അനുമതി ലഭിക്കുന്നതിന് കാലതാമസം ഉണ്ടായതാണ് കരാറുകാർക്ക് പണം ലഭിക്കാത്തതിന് കാരണം. ടെൻഡർ നൽകി 45 ദിവസത്തിന് ശേഷമേ കരാർ തീർപ്പാക്കാനാകൂ. അതിന് ശേഷം 60 ദിവസം കൂടിയുണ്ടെങ്കിലേ ജോലി പൂർത്തീകരിക്കാനാകൂ. ഇതുമൂലം ബിൽ സമർപ്പിക്കേണ്ട സമയപരിധി കഴിഞ്ഞതാണ് കരാറുകാർക്ക് തിരിച്ചടിയായത്. തുക സർക്കാർ അനുവദിച്ചെങ്കിലും മാർച്ച് 31ന് മുമ്പ് വിനിയോഗിക്കാത്ത തുക തിരിച്ചെടുക്കുന്നതാണ് രീതി. ഇത് വീണ്ടും അലോട്ട് ചെയ്യാനുള്ള നടപടിക്രമം പൂർത്തിയാകാത്തതാണ് കരാറുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ജല അതോറിട്ടിക്ക് കീഴിലുള്ള സ്വിവറേജ് വിഭാഗത്തിനും പബ്ളിക് ഹെൽത്ത് ഡിവിഷനിലെ കരാറുകാർക്കും മാത്രമായി 86.91 ലക്ഷം രൂപ കിട്ടാനുണ്ട്. 2019ലെ ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ സംബന്ധിച്ച് രണ്ട് തവണ ആലോചനാ യോഗം നടന്നെങ്കിലും വിവിധ നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകുകയോ ടെൻഡർ വിളിക്കുകയോ ചെയ്തിട്ടില്ല. പൊങ്കാല ഒരുക്കങ്ങൾക്കായി നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കരമനയാറിന്റെ വശങ്ങളും മറ്റും ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്. പൊങ്കാലയ്ക്ക് സുഗമമായ ജലവിതരണം ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുമുണ്ട്.
ഭരണാനുമതിയുടെ കണക്ക്
സ്വിവറേജ് ഡിവിഷൻ 74.80 ലക്ഷം
പബ്ളിക് ഹെൽത്ത് ഡിവിഷൻ 12.11 ലക്ഷം
ഇറിഗേഷൻ 4 ലക്ഷം
മൈനർ ഇറിഗേഷൻ 5.60 ലക്ഷം
പൊലീസ് ഡിപ്പാർട്ട്മെന്റ് 3.95 ലക്ഷം
തിരുവനന്തപുരം നഗരസഭ 1.61 കോടി
വാട്ടർ അതോറിറ്റിയിലെ മാത്രമല്ല, പല കരാറുകാർക്കും തുക കിട്ടാനുണ്ടെന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് പരിശോധിച്ച് നടപടികളെടുക്കും.
- മന്ത്രി മാത്യു ടി തോമസ്