പോത്തൻകോട് :പൂർണത കൊതിക്കുന്ന കുരുന്നുകൾക്ക് താങ്ങും തണലുമേകാൻ കേരള മാരത്തൺ എന്ന ആശയവുമായി എത്തിയിരിക്കുകയാണ് മൂന്നു യുവാക്കൾ. തിരുവനന്തപുരം സ്വദേശികളായ ഷിജോ രാജൻ, എസ്.ബി. സൂരജ്, തൃശൂർ സ്വദേശി സാം രാജ് എന്നിവരാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി മാരത്തണുമായി മുന്നോട്ടുവന്നത്.
കേരളത്തിലെ മുഴുവൻ ജില്ലകളിലൂടെ ഓടുകവഴി ജീവകാരുണ്യ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും സമൂഹത്തിൽ ജീവകാരുണ്യത്തിന്റെ മഹത്വം വിളിച്ചോതാനും കഴിയും എന്ന ഉത്തമ വിശ്വാസത്തിലാണിവർ. കാസർകോട് മുതൽ പാറശാല വരെ 15 ദിവസം നീളുന്ന ഓട്ടത്തിന് ഒരു കാരണത്തിനായി ഓടുക (റൺ ഫോർ എ കാസ് ) എന്നാണ് പേരിട്ടത്. 5 ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഒപ്പ് മര ചുവട്ടിൽ എ.ഡി.എം ദേവീദാസും സ്പെഷ്യൽ ഒളിമ്പിക്സ് കേരള ഏരിയാ ഡയറക്ടർ ഫാദർ റോയി കണ്ണൻചിറയും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
ഭിന്ന ശേഷിക്കാരായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അവഗണനകളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക, അനാഥരായ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് കേന്ദ്രങ്ങൾ ആരംഭിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. രാജ്യാന്തര മാരത്തൺ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഷിജോ കാട്ടാക്കട അമ്പൂരി സ്വദേശികളായ രാജന്റെയും വിജിയുടെയും മകനും തൃശൂർ ക്രൈസ്റ്റ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. കുളത്തൂർ എസ്. എൻ നഗർ സ്വദേശികളായ സുരേഷിന്റെയും ബിന്ദുലേഖയുടെയും മകനായ സൂരജ് കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ കായിക അദ്ധ്യാപകനാണ്. തൃശൂർ താണിക്കുടം സ്വദേശികളായ രാജന്റെയും ശോഭയുടെയും മകനായ സാംരാജ് തൃശൂരിൽ അത്ലറ്റിക്സ് പരിശീലന വിദ്യാർത്ഥിയാണ്. രാവിലെ 8 മുതൽ രാത്രി 7 മണിവരെയാണ് മാരത്തൺ ഓടുക. അതത് ദിവസം ഓടിയെത്തുന്ന സ്ഥലങ്ങളിൽ രാത്രി വിശ്രമിച്ച ശേഷമാവും പിറ്റേന്ന് വീണ്ടും മാരത്തൺ ആരംഭിക്കുന്നത്. ഇന്നലെ വയനാട് ജില്ലയിൽ പ്രവേശിച്ച മാരത്തണിന് വഴിനീളെ മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്ന് യുവാക്കൾ പറഞ്ഞു. 19 ന് വൈകിട്ട് മാരത്തൺ പാറശാലയിൽ സമാപിക്കും. യാത്രയിൽ ലഭിക്കുന്ന സംഭാവനകൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് കൈമാറുമെന്നും യുവാക്കൾ അറിയിച്ചു.