തിരുവനന്തപുരം: ഒമ്പതിരട്ടി വരുമാനമുണ്ടാക്കി വൻലാഭത്തിലേക്ക് കുതിക്കുന്ന നമ്മുടെവിമാനത്താവളം പാട്ടത്തിന് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം തലസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക. പാട്ടക്കരാർ വരുന്നതോടെ എയർപോർട്ട് അതോറിട്ടി നേരത്തേ തയ്യാറാക്കിയ 600കോടിയുടെ വികസനപദ്ധതിക്കായി സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറുമോ എന്നതിലും ആശങ്കയുണ്ട്. അതേസമയം, പൊതു-സ്വകാര്യ പങ്കാളിത്തം വരുന്നതോടെ, നെടുമ്പാശേരി, ബംഗളൂരു മാതൃകയിൽ വിമാനത്താവളത്തിന്റെ വികസനം അതിവേഗത്തിലാവുമെന്നും വാദമുണ്ട്. എയർപോർട്ട് അതോറിട്ടിക്ക് വരുമാനമുണ്ടാക്കാൻ, അഞ്ച് മില്യൺ യാത്രക്കാർ വരെയുള്ള വിമാനത്താവളങ്ങളിൽ ഏറ്റവുമധികം ലാഭകരമായ തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിനു നൽകുന്നതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.
സ്വകാര്യപങ്കാളിയെ കണ്ടെത്താൻ വിമാനത്താവള അതോറിട്ടി ഉടൻ ആഗോളകരാർ വിളിക്കും. കരാർ ഉറപ്പിക്കുന്നതോടെ വിമാനസർവീസുകൾ ഒഴികെയുള്ള നിയന്ത്രണം വിമാനത്താവള അതോറിട്ടിക്ക് നഷ്ടമാവും.
ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജോലികൾ നേരത്തേ സിംഗപ്പൂർ കമ്പനിയായ സാറ്റ്സിന് കൈമാറിയിരുന്നു. കാർഗോ കടത്തിന്റെ ചുമതലയും വരുമാനവും വിമാനത്താവളത്തിനില്ല. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനാണ് (കെ.എസ്.ഐ.സി) തിരുവനന്തപുരത്ത് കാർഗോ ടെർമിനലിന്റെ നിയന്ത്രണാവകാശം. 15വർഷത്തേക്ക് വിമാനത്താവള ടെർമിനലുകളുടെ വികസനവും പരിപാലനവും പൂർണമായി സ്വകാര്യകമ്പനികൾക്ക് കൈമാറുന്നതാവും കരാർ. ടെർമിനൽ കെട്ടിടം, അഗ്നിശമന വിഭാഗം, എയർപോർട്ട് കൺട്രോൾ സെന്റർ, ഫയർ കൺട്രോൾ റൂം, പാസഞ്ചർ ബോർഡിംഗ് ബ്രിഡ്ജുകൾ, ഏപ്രൺ ഏരിയ, പാർക്കിംഗ് ഏരിയ എന്നിവയുടെയെല്ലാം നടത്തിപ്പും വികസനവും സ്വകാര്യകമ്പനിക്ക് നൽകും.
എന്നാൽ വിമാനത്താവള അതോറിട്ടിക്ക് മുതൽമുടക്കില്ലാതെ ടെർമിനൽ വികസനം നടപ്പാക്കാനാവുമെന്നത് മെച്ചമാണ്. വിദേശകമ്പനികൾക്ക് ഇന്ത്യയിലെ കമ്പനികളുമായി കൺസോർഷ്യമുണ്ടാക്കി അറ്റകുറ്റപ്പണിക്കും മറ്റുമുള്ള കരാർ ഏറ്റെടുക്കാനുമാവും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വിദേശനിക്ഷേപം നേടിയെടുക്കാനുമാവും. ഫ്രാൻസ്, അയർലന്റ്, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ കമ്പനികൾ പാട്ടക്കരാറിന് സന്നദ്ധതയറിയിച്ചിട്ടുണ്ട്. സ്വകാര്യവത്കരണം വരുന്നതോടെ വിമാനത്താവളത്തിലെ യൂസർഫീസ് കുത്തനേ ഉയരുമെന്ന് ആശങ്കയുണ്ട്. രാജ്യാന്തര ടെർമിനലിലെ യൂസർഫീസ് 575 രൂപയിൽ നിന്ന് 950 രൂപയായി അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. ആഭ്യന്തര യാത്രക്കാർക്കും ഇതാദ്യമായി 450രൂപ യൂസർഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം നാലുശതമാനം വർദ്ധനയും അനുവദിച്ചിട്ടുണ്ട്. 2021ൽ രാജ്യാന്തര വിമാനത്താവളത്തിൽ 1069 രൂപയും ആഭ്യന്തര വിമാനത്താവളത്തിൽ 506 രൂപയുമാകും യൂസർഫീസ്.
സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തിയതോടെയാണ് നമ്മുടെ വിമാനത്താവളം ലാഭത്തിലെത്തിയത്. 2017-18ൽ മുൻ വർഷത്തേക്കാൾ ഒമ്പതിരട്ടി അധികവരുമാനം നേടി. 19കോടിയായിരുന്ന ലാഭം 169കോടിയിലേക്ക് കുതിച്ചുയർന്നു. കഴിഞ്ഞവർഷം 270കോടിയായിരുന്ന വരുമാനം 363കോടിയായി റെക്കാഡിട്ടു. ട്രാഫിക് കൺട്രോൾ, വിമാന പാർക്കിംഗ്, ലാൻഡിംഗ് ഫീസ്, റൂട്ട് നാവിഗേഷൻ എന്നീയിനത്തിൽ എയർഇന്ത്യയുടെ കിട്ടാക്കടമില്ലാതിരുന്നെങ്കിൽ ലാഭം കൂടിയേനെ. 44ലക്ഷം യാത്രക്കാരാണ് കഴിഞ്ഞവർഷം വിമാനത്താവളത്തിലൂടെ യാത്രചെയ്തത്.
യാത്രക്കാരുടെ എണ്ണം ആറുമാസത്തിനകം 50ലക്ഷമാക്കുക എന്നതാണ് വിമാനത്താവള അതോറിട്ടിയുടെ ലക്ഷ്യം. ഇതിനായി കൂടുതൽ സൗകര്യങ്ങളൊരുക്കി രാജ്യാന്തര യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കും.
വിമാനസർവീസുകളുടെ എണ്ണം 29000ൽ നിന്ന് 34000ആയും ഉയർന്നു. പാട്ടത്തിനു നൽകുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നും അവർക്ക് ലോകോത്തര സൗകര്യങ്ങൾ സജ്ജമാക്കുമെന്നുമാണ് കേന്ദ്രസർക്കാർ വിശദീകരണം. ഇപ്പോൾ 60അറൈവൽ, 60ഡിപ്പാർച്ചർ എന്നിങ്ങനെ 120എയർമൂവ്മെന്റുകളാണ് നിത്യേന തിരുവനന്തപുരത്തുള്ളത്. 19 വിമാനക്കമ്പനികളാണ് ഇപ്പോൾ ആഭ്യന്തര, അന്താരാഷ്ട്ര സർവീസ് നടത്തുന്നത്. സ്വകാര്യപങ്കാളിയുടെ സഹായത്തോടെ കൂടുതൽ വിമാനക്കമ്പനികളെ ഇവിടേക്ക് ആകർഷിക്കാമെന്നും അതോറിട്ടി പ്രതീക്ഷിക്കുന്നു.
വിമാനത്താവള അതോറിട്ടി നേരത്തേ പ്രഖ്യാപിച്ച 110കോടിയുടെ വികസനപദ്ധതികളും പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കിയേക്കും. അരനൂറ്റാണ്ട് പഴക്കമുള്ള എയർട്രാഫിക് കൺട്രോൾ ടവർ മാറ്റി, 80കോടി ചെലവിൽ പുതിയത് നിർമ്മിക്കാനും ചാക്കഭാഗത്ത് 45മീറ്റർ ഉയരത്തിൽ ടവർ പണിയാനും 30കോടി ചെലവിൽ നാല് പാർക്കിംഗ്ബേകളുണ്ടാക്കാനും ആറുവർഷംമുൻപ് സ്ഥാപിച്ച റഡാർ നവീകരിക്കാനുമായിരുന്നു പദ്ധതികൾ. രാത്രിയിലും പുലർച്ചെയും കൂടുതൽ വിമാനങ്ങളെത്തുമ്പോൾ പാർക്കിംഗ് ഉറപ്പാക്കാനാണ് റൺവേക്ക് ദൂരെയായി റിമോട്ട്ബേകൾ നിർമ്മിക്കുക. 600കോടിയുടെ വികസനപദ്ധതി തയ്യാറാക്കി ഭൂമി ലഭിക്കാനായി എയർപോർട്ട് അതോറിട്ടി 4വർഷമായി കാത്തിരിക്കുകയാണ്.
18ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്ത് കൈമാറണം. നിർബന്ധിത ഭൂമിയേറ്റെടുക്കൽ ഒഴിവാക്കി, ചർച്ചയിലൂടെ ഭൂമിവില നിശ്ചയിച്ച് നേരിട്ടുള്ള പർച്ചേസിന് (ഡയറക്ട് പർച്ചേസ്) കളക്ടർക്ക് സർക്കാർ അനുമതി നൽകിയിരുന്നു. പാട്ടത്തിലാവുന്നതോടെ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം നിർണായകമാവും.