വിഴിഞ്ഞം: ആനക്കമ്പവും ആനപ്പേടിയും ഈ ഹോമിയോ ഡോക്ടറെ എത്തിച്ചത് ആന പ്രതിമയിലാണ്. ആനപ്പേടി മാറ്റാൻ സ്വന്തം വീട്ടുമുറ്റത്ത് ആനയുടെ കോൺക്രീറ്റ് പ്രതിമ തീർത്തിരിക്കുകയാണ് വിഴിഞ്ഞം കിടാരക്കുഴിയിൽ ഡോക്ടർ സുകേശൻ. ചെറുപ്പത്തിലേ സുകേശനെ കണ്ടാൽ ആനകൾക്ക് എന്തോ ഒരു സ്പാർക്ക് ഉണ്ടാകാറുണ്ടെന്ന് ഡോക്ടർ പറയുന്നു. തന്നെ എവിടെ വച്ചു കണ്ടാലും ആനകൾ ചിന്നം വിളിച്ച് അലോസരം അറിയിക്കുമെന്ന് ഡോക്ടർ പറയുന്നു.
ആനപ്പേടി മാറ്റാനായി ഒരിക്കൽ സുഹൃത്തുക്കൾ സുകേശനെ ബലമായി പിടിച്ച് ആനയ്ക്കു മുന്നിലേക്ക് നീക്കി നിറുത്തി. തന്റെ മുന്നിലെത്തിയ കൊമ്പനാന തന്നെ നോക്കി ഒരലർച്ച, അതിനൊപ്പം മുൻ കാലുമുയർത്തി. ഇതോടെ സുഹൃത്തുക്കൾക്കും ഭയമായി. പിന്നെയൊരിക്കലും ആനയ്ക്കു മുന്നിൽ എത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ നിർബന്ധിച്ചിട്ടില്ലെന്നും സുകേശൻ പറയുന്നു.
ഒടുവിൽ പേടി മാറ്റാനായി ഒരു മാർഗം കണ്ടെത്തി. സ്വന്തം വീട്ടുമുറ്റത്ത് ഒരാനയെ നിർമ്മിക്കുക. അങ്ങനെ ഈറപ്പൊളികൾ കൊണ്ട് ആനയുടെ രൂപമുണ്ടാക്കി പിന്നെ കമ്പി കൊണ്ട് ചട്ടക്കൂടുണ്ടാക്കിയും സ്വന്തമായി കോൺക്രീറ്റ് കൂട്ട് ഉണ്ടാക്കിയും പണി ആരംഭിച്ചു. ഇതിനിടെ ഡോക്ടറുടെ ചികിത്സ തേടി ആൾക്കാരും എത്തി. ഇത് തടസമായതോടെ ആനപ്പണി രാത്രി മാത്രമാക്കി. ഒടുവിൽ പത്തു മാസം കൊണ്ട് വീട്ടുമുറ്റത്ത് ഒരു കൊമ്പനാന റെഡി. ഡോക്ടറുടെ ഈ ആനശില്പത്തിന് പ്രായം 25 ആകുന്നു. ഡോക്ടറെ കാണാനെത്തുന്നവരുടെ മുഖ്യ കാഴ്ച ഈ വീട്ടുമുറ്റത്ത് നിറഞ്ഞിരിക്കുന്ന ബോൺസായി ശേഖരങ്ങളാണ്. 40 വർഷത്തിലേറെ പഴക്കമുള്ള കുഞ്ഞൻ ചെടികളാണ് ഇവിടെ സന്ദർശകർക്ക് കൗതുകമുണർത്തുന്നത്. ഒരടിയോളം പൊക്കമുള്ള പുളിമരവും നോനിപ്പഴവും എല്ലാം ഇവിടെ കാണാം.
ബാല ചികിത്സയിലും നേത്രചികിത്സയിലും പ്രഗല്ഭനായിരുന്ന ഭാസ്കരൻ വൈദ്യുടെ മകനാണ് ഡോ. സുകേശൻ. അച്ഛനിൽ നിന്നു ലഭിച്ച പാരമ്പര്യ വൈദ്യചികിത്സയും ഹോമിയോ ചികിത്സയും ഒന്നുപോലെ നടത്തുന്ന ഡോക്ടറുടെ കലാസൃഷ്ടിക്ക് ഭാര്യ ശ്രീകലയും മക്കളായ അശ്വതിയും ആരതിയും ഒപ്പമുണ്ട്.