തിരുവനന്തപുരം: ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 'വീ ദ പീപ്പിൾ' 13ന് സെൻട്രൽ സ്റ്റേഡിയത്തിൽ വൻ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പതിനായിരക്കണക്കിന് യുവജന - രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക പ്രവർത്തകരാണ് കൈരളിയെ സംരക്ഷിക്കാൻ ഒരേ മനസോടെ ഒത്തുചേരുന്നത്. ഇതിന് മുന്നോടിയായി കേരളത്തിലുടനീളമുള്ള കലാകാരന്മാരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും വിവിധ കലാരൂപങ്ങളുമായി കഴിഞ്ഞ 8 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. തെരുവുനാടകങ്ങൾ, ഫ്ലാഷ് മോബ്, നാടൻപാട്ടുകൾ, ഗാനസംഘങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവയുമായും പ്രചാരണം നടത്തുന്നുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികളിലും സന്നദ്ധ സംഘടനകളിലുമുള്ള യുവാക്കളാണ് രാഷ്ട്രീയ ഭേദമില്ലാതെ ഭരണഘടനാ സംരക്ഷണ മുന്നേറ്റത്തിൽ അണിചേരുന്നത്. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെ മുന്നേറ്റമായി ഇതു മാറുമെന്നാണ് സംഘാടകർ പറയുന്നത്. പ്രചാരണത്തിന്റെ ഭാഗമായി നവോത്ഥാന മുന്നേറ്റങ്ങൾ സൂചിപ്പിക്കുന്ന ശില്പസമുച്ചയങ്ങൾ നഗരകവാടങ്ങളിൽ ഉയർത്തും. പരിസ്ഥിതി സൗഹൃദ പ്രചാരണ ഉപാധികളാണ് ഉപയോഗിക്കുന്നത്. വിവിധ ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ ലോകമെമ്പാടുമുള്ള ഭാരതീയരെ ഭരണഘടനാ സംരക്ഷണ മുന്നേറ്റത്തിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള കലാലയങ്ങളിൽ തെരുവു നാടക ഗാന സംഘങ്ങളുടെ പരിപാടികളും പ്രചാരണത്തിനായി രംഗത്തെത്തി. നാടിനെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് എതിരായ ജനകീയ ഐക്യമാണ് ഭരണഘടനാ സംരക്ഷണ മുന്നേറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.