തിരുവനന്തപുരം: മൺവിള പ്ളാസ്‌റ്റിക് ഫാക്‌ടറിയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ചിറയിൻകീഴ്, കഴക്കൂട്ടം സ്വദേശികളാണ് കസ്‌റ്റഡിയിൽ. ഇവരിൽ ഒരാൾ സംഭവദിവസം കഴക്കൂട്ടത്തു നിന്നും ലൈറ്റർ വാങ്ങിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശമ്പളം വെട്ടിക്കുറച്ചിതിന്റെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സാധ്യത തള്ളികളഞ്ഞിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ ചില സൂചനകൾ ലഭിക്കുകയായിരുന്നു. പിടിയിലായവരുടെ ശമ്പളത്തിൽ നിന്ന് മൂവായിരത്തോളം രൂപ വെട്ടി കുറച്ചിരുന്നു. ഇവർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്‌തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മാത്രമല്ല, ജോലിയിൽനിന്ന് പിരിച്ചുവിട്ട മൂന്ന് പേരെ അപകട ദിവസം കമ്പനി പരിസരത്ത് കണ്ടതായും വിവരമുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്‌ത് വരികയാണ്.