കോട്ടയം : കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. പൊലീസിന്റെ അനാസ്ഥയിലും ക്രൂരതയിലും സംസ്ഥാനത്ത് ഏറെ ചർച്ചയായ സംഭവമായിരുന്നു കെവിന്റെ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സർവീസിൽ നിന്നും നീക്കം ചെയ്ത ഗാന്ധിനഗർ എ.എസ്.െഎയായിരുന്ന ടി.എം. ബിജു, മൂന്നുവർഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാർ എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച രാവിലെ അഞ്ചിന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
ഇവരെ കോട്ടയം മെഡിക്കൽ കോളേജിലെ സർജറി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ബിജുവിന്റെ പരിക്ക് ഗുരുതരമാണ്.
കെവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന പ്രതിയായ സാനു ചാക്കോയിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗർ എ.എസ്.എെയായിരുന്ന ടി.എം. ബിജുവിനെ സർവീസിൽ നിന്നും നീക്കം ചെയ്തത്. ഈ തുകയുടെ ഒരു വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നൽകിയിരുന്നു.