tka-nair

സുപ്രീം കോടതി വിധിയുണ്ടായിട്ടും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് കാപട്യവും ഇരട്ടനിലപാടുമാണെന്ന് ശബരിമല ഉപദേശകസമിതി ചെയർമാൻ ടി.കെ.എ നായർ. ശബരിമല തീർത്ഥാടനത്തിൽ 41 ദിവസത്തെ ബ്രഹ്മചര്യമുൾപ്പെടെയുള്ള വ്രതം അനുഷ്‌ഠിക്കുന്നത് വിരളമായിരിക്കെ ആർത്തവ പ്രായത്തിലുള്ള സ്ത്രീകളെ മാത്രം വിലക്കുന്നത് ലിംഗവിവേചനം തന്നെയാണെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഉപദേശകൻ കൂടിയായ ടി.കെ.എ നായർ പറയുന്നു. കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിൽ എഴുതിയ പ്രത്യേക അഭിമുഖത്തിലാണ് നായർ ഇക്കാര്യം വ്യക്തമാക്കുന്നത്.

ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ സമീപനത്തെയും ടി.കെ.എ നായർ വിമർശിക്കുന്നുണ്ട്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പുവരെ പ്രശ്‌നം സജീവമായി നിൽക്കണമെന്ന് കേന്ദ്രസർക്കാരിന് തോന്നുന്നുണ്ടാകാം. എൽ.ഡി.എഫ് നയിക്കുന്ന കേരള സംസ്ഥാന സർക്കാരിന്റെ പ്രളയാനന്തര നടപടികളെയും വികസന പ്രവർത്തനങ്ങളെയും ശബരിമല പ്രശ്‌നം പ്രതികൂലമായി ബാധിക്കട്ടെ എന്ന കേന്ദ്രത്തിന്റെചിന്തയും ഇതിന് പിന്നിലുണ്ടെന്ന് നായർ വിമർശിക്കുന്നു.

ലേഖനത്തിന്റെ പൂർണരൂപം-

'ശബരിമലയിൽ ആർത്തവപ്രായത്തിലുള്ള സ്ത്രീകൾ പ്രവേശിക്കുന്നത് നിരോധിക്കുന്ന 1991 ലെ കേരള ഹൈക്കോടതിവിധി റദ്ദാക്കിയ സുപ്രീംകോടതി തീരുമാനം പ്രതീക്ഷിച്ചതുപോലെതന്നെ, കേരള സമൂഹത്തിൽ കടുത്ത പ്രതികരണങ്ങളുണ്ടാക്കി. വിവിധ ബാനറുകൾക്ക് കീഴിൽ അണിനിരന്ന സ്ത്രീകളും സ്ത്രീസംഘടനകളും വിധിക്കെതിരെ ശബ്ദമുയർത്തി. കുറച്ചുദിവസങ്ങളായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാവവും രീതിയും ദുഃഖകരമാംവിധം സമാധാനഭഞ്ജനത്തിലേക്കുപോയി. അത് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ സ്വൈരജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ക്രിമിനൽ കേസുകൾക്ക് കാരണമാവുകയും ചെയ്തു.


വിധിപ്രസ്താവം വന്നയുടനെ അതിനെ സ്വാഗതം ചെയ്ത കേന്ദ്രമന്ത്രിമാരും ബി.ജെ.പിയും ആർ.എസ്.എസും ക്രമേണ നിലപാട് മാറ്റി. ഇപ്പോൾ അവർ വിധിയെ രൂക്ഷമായി എതിർക്കുന്നു. സംസ്ഥാന സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വിധിയെ തുടക്കം മുതലേ സ്വാഗതം ചെയ്‌തെന്നുമാത്രമല്ല, കടുത്ത എതിർപ്പുകൾക്കിടയ്ക്കും അത് നടപ്പാക്കുന്നതിന് പൂർണ പ്രതിബദ്ധത പ്രഖ്യാപിച്ചു മുന്നോട്ടുപോവുകയാണ്.


തുടക്കത്തിൽ സന്ദിഗ്ദ്ധസമീപനമാണ് എന്നു തോന്നിച്ചിരുന്ന യു.ഡി.എഫ് ഇപ്പോൾ പരമ്പരാഗത വിലക്ക് നിലനിറുത്തി സുപ്രീംകോടതി വിധിക്കുമുമ്പുള്ള സ്ഥിതി തിരിച്ചുകൊണ്ടുവരണം എന്ന് പ്രഖ്യാപിച്ച് പ്രചാരണങ്ങൾ നടത്തുന്നു. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷൻ വ്യക്തിപരമായി സുപ്രീംകോടതി വിധിയെ പരസ്യമായി അനുകൂലിക്കുന്ന വിരോധാഭാസം!


എൻ.ഡി.എ പ്രത്യേകിച്ച് ബി.ജെ.പി ഏത് വിധേനയും സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയുന്നതിനുള്ള പ്രത്യക്ഷവും പരോക്ഷവുമായ തന്ത്രങ്ങളും ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നു. മുതിർന്ന കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെയും പ്രസ്താവനകളും സംസ്ഥാന ഘടകത്തിനും കരുത്ത് പകരുകയുമാണ്.


അതേസമയം, സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്ര നിയമമോ ഓർഡിനൻസോ വേണമെന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ മൗനത്തിലോ നിസ്സഹകരണത്തിലോ ആണ്. അതിന്റെ കാരണങ്ങൾ എന്തുതന്നെയായാലും അങ്ങനെയൊരു നീക്കത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കേന്ദ്ര സർക്കാരിന് സംശയമുണ്ടാകാം. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പുവരെ പ്രശ്‌നം സജീവമായി നിൽക്കണമെന്ന് കേന്ദ്രസർക്കാരിന് തോന്നുന്നുണ്ടാകാം. എൽ.ഡി.എഫ് നയിക്കുന്ന കേരള സംസ്ഥാന സർക്കാരിന്റെ പ്രളയാനന്തര നടപടികളെയും വികസന പ്രവർത്തനങ്ങളെയും ശബരിമല പ്രശ്‌നം പ്രതികൂലമായി ബാധിക്കട്ടെ എന്ന് കരുതുന്നുണ്ടാകാം. ഒരുവശത്ത് രാഷ്ട്രീയ സാഹസങ്ങളും മറുവശത്ത് ഭരണഘടനാധാർമ്മികതയും ചെലുത്തുന്ന സമ്മർദ്ദത്തിന്റെ ഫലവുമാകാം. ഏതായാലും ശബരിമല വിധി ദേശീയ രാഷ്ട്രീയഘടനയ്ക്കുമേൽ ചെലുത്തുന്ന പ്രത്യാഘാതങ്ങളെ ഗൗരവമായി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന ഉദാസീനത തികച്ചും അക്ഷന്തവ്യമാണ്.


മറ്റൊരു തലത്തിൽ, സുപ്രീംകോടതിവിധിയും അതിന്റെ കേരളത്തിലെ പ്രത്യാഘാതങ്ങളും നിയമങ്ങളും വിശ്വാസവും തമ്മിലുള്ള സംഘർഷത്തിന് അടിവരയിടുകയാണ്. വിശ്വാസത്തിൽ യുക്തിയൊന്നുമില്ലെന്നും അത് മനുഷ്യനിർമ്മിത നിയമങ്ങൾക്കപ്പുറത്താണെന്നുമുള്ള പുരാതനവും ആവർത്തിക്കപ്പെടുന്നതുമായ കാഴ്ചപ്പാട് പ്രതിധ്വനിപ്പിച്ചുകൊണ്ട്, ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കുംപ്രവേശനം നൽകുന്നതിനെ എതിർക്കുന്നവർ സത്യത്തിൽ നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന രാജ്യത്തിന്റെ മൗലികാവകാശങ്ങൾക്ക് മേലേ വിശ്വാസാധിഷ്ഠിതമായ ആചാരങ്ങളെയും പാരമ്പര്യത്തെയും പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അവർ ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിയോജന വിധിയിൽ തങ്ങളുടെ വാദങ്ങൾക്ക് പിൻബലം കണ്ടെത്തുന്നു. കോടതിയുടെ ഭൂരിപക്ഷവിധി ഒരു മതത്തിനുമേൽ അടിച്ചേല്പിക്കുന്നത് വിശ്വാസപ്രമാണത്തിനും വിശ്വാസങ്ങൾക്കും അനുസരിച്ച് മതം പിന്തുടരാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാകുമെന്ന് അവർ പറഞ്ഞിരുന്നു. ശബരിമല തീർത്ഥാടകരുടെ പദവി ഒരു സവിശേഷ ആരാധനാ സമൂഹത്തിന്റേതാണെന്ന് വസ്തുതകൾ അറിയാതെ അവർ വ്യാഖ്യാനിച്ചു. അതേസമയം , വ്യക്തിനിയമങ്ങൾ, മതപരമായ ചടങ്ങുകൾ, രീതികൾ, വിശ്വാസങ്ങൾ എന്നിവ മൗലികാവകാശങ്ങളുടെ പരിധിക്ക് പുറത്താണെന്ന ധാരണ ഭൂരിപക്ഷവിധി സംശയാതീതമായി നിരാകരിച്ചു. മതപരമായ ചടങ്ങുകൾക്കും ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഉപരിയായി അവ എത്രതന്നെ പുരാതനമാണെങ്കിലും ഭരണഘടനാ ധാർമ്മികതയുടെ പ്രാമാണ്യം ഉറപ്പിക്കുകയാണ് പരമോന്നത കോടതിയുടെ ശബരിമല വിധി.


കേരളത്തെ സ്വാമി വിവേകാനന്ദൻ ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചു. ആ കേരളം ഇപ്പോൾ താരതമ്യമില്ലാത്ത സാമൂഹിക സാമ്പത്തിക വികാസം നേടി. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ അസൂയയ്ക്ക് പാത്രമായി കേരളത്തിൽ ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ എന്നിവരെപ്പോലുള്ള ഹിന്ദുമത ആദ്ധ്യാത്മിക പ്രതീകങ്ങളും മന്നത്തു പത്മനാഭൻ, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്‌കർത്താക്കളും മറ്റ് സാമൂഹിക പ്രവർത്തകരും നവോത്ഥാന പ്രസ്ഥാനത്തിൽ കൈകോർത്തു. ആ പ്രസ്ഥാനമാണ് കാലങ്ങളായി നിലനിന്ന പ്രാചീന അനാചാരങ്ങളും മനുഷ്യത്വവിരുദ്ധമായ സമ്പ്രദായങ്ങളും തകർത്ത് മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കുകയും മാനവികമൂല്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തത്. അവരും യാഥാസ്ഥിതികത്വത്തിൽ നിന്ന് രൂക്ഷമായ എതിർപ്പ് നേരിട്ടു. പക്ഷേ, കാലത്തിന്റെ അപ്രതിരോധ്യമായ പ്രയാണത്തിൽ അവരുടെ പ്രസ്ഥാനത്തിന്റെ അന്തഃസത്ത നമ്മുടെ നിയമഭരണ ചട്ടക്കൂടുകളും ഒരു വലിയ പരിധിവരെ സമൂഹവും പൂർണമായും ഉൾക്കൊണ്ടു. രാഷ്ട്രീയ സാമ്പത്തിക പരിവർത്തനത്തിലേക്ക് വഴിതുറക്കുന്ന സാമൂഹിക വിമോചനത്തിന്റേതായ ഈ പ്രക്രിയയുടെ സജീവസാക്ഷ്യമാണ് പഴയ തിരുവിതാംകൂറിന്റെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിന്റെ ചരിത്രം കുറിച്ച കേരളമിപ്പോൾ അഭിമാനപൂർവം ആഘോഷിക്കുന്ന ക്ഷേത്രപ്രവേശന വിളംബരം. പഴയകാലത്തെ 'തീണ്ടൽക്കാർ ' ഇന്ന് ക്ഷേത്രപൂജാരികളാണ്. സ്ത്രീകളെ ഭൂമിയിലെ ശപിക്കപ്പെട്ടവരാക്കി മാറ്റിയ തൊട്ടുകൂടായ്മയടക്കമുള്ള ഒട്ടേറെ വിലക്കുകളും ആചാരങ്ങളും വിവേകികളായ സാമൂഹിക പ്രവർത്തകരും എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും ഉയർത്തിയ സമ്മർദ്ദത്തിൽ നിരോധിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തു.കേരളത്തെ സമ്പന്നമാക്കുന്നതിൽ മനുഷ്യ പ്രയത്‌നത്തിന്റെ വിവിധ മണ്ഡലങ്ങളിൽ സ്ത്രീകൾ നൽകിയ സംഭാവനകൾ ഇന്ന് പരക്കെ തിരിച്ചറിയപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ നോക്കിയാൽ, ശബരിമല സ്ത്രീപ്രവേശനപ്രശ്‌നം, വിദ്യാസമ്പന്നരായ ഒട്ടേറെ വനിതകളുടെ സജീവ ഇടപെടലിനു ശേഷവും ഒരു സാമൂഹികമനഃശാസ്ത്ര സമസ്യയായി നിലനിൽക്കുന്നതായി തോന്നുന്നു. പ്രകൃതിദത്തമായ ആർത്തവത്തെ കളങ്കവും അശുദ്ധവുമായി കാണുന്ന മനോഭാവത്തിൽ മാറ്റം വരേണ്ട കാലം വൈകിയിരിക്കുന്നു.


ശബരിമല തീർത്ഥാടനത്തിൽ 41 ദിവസത്തെ ബ്രഹ്മചര്യമുൾപ്പെടെയുള്ള വ്രതം അനുഷ്ഠിക്കുന്നതു വിരളമായിരിക്കെ ആർത്തവ പ്രായത്തിലുള്ള സ്ത്രീകളെ മാത്രം വിലക്കുന്നത് ലിംഗവിവേചനം തന്നെയാണ്. കാപട്യവും ഇരട്ടനിലപാടുമാണ്. ശബരിമലവിധി കേരളത്തിന്റെ നിയമഗ്രന്ഥാവലിയിലെ പുരുഷാധിപത്യത്തിന്റെ അവസാനത്തെ ഇടം മായ്ക്കുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ വിമോചന പ്രക്രിയയ്ക്ക് ഭരണഘടനാപരമായ മറ്റൊരു പിന്തുണകൂടി നൽകുന്നു.


വിശ്വാസികളുടെ സംരക്ഷകരുടെ ആത്യന്തികലക്ഷ്യം നിർലജ്ജമായ രാഷ്ട്രീയ നേട്ടമാണ് എന്നു തെളിഞ്ഞുകഴിഞ്ഞു. എല്ലാ സ്ത്രീകളുടെയും ആരാധനാ സ്വാതന്ത്ര്യത്തിന് അനുയോജ്യമാംവിധം ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഭരണഘടനയാൽ ചുമതലപ്പെടുത്തപ്പെട്ട ഉത്തരവാദിത്വമാണ് . മണ്ഡലമകരവിളക്ക് കാലത്ത് ശ്രമകരമായ തീർത്ഥാടനം. വിശേഷിച്ച് പമ്പാ നദിയിലെ മഹാപ്രളയത്തിനുശേഷമുള്ള സാഹചര്യത്തിൽ, സുഗമമായി നടത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയമപരമായ കടമയാണ്. അതേസമയം സുപ്രീംകോടതി വിധി, വിശ്വാസത്തിന്റെ പേരിൽ നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ അട്ടിമറിക്കപ്പെടാതിരിക്കാൻ രാജ്യത്തെ ഭരണഘടനാപരമായ ധാർമ്മികതയുടെ സൂക്ഷിപ്പുകാർ എന്ന നിലയിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്.


അയ്യപ്പഭക്തർ മാത്രമല്ല, കേരള ജനത മാത്രമല്ല, ഇന്ത്യയാകെത്തന്നെയും ശബരിമല തീർത്ഥാടനം നിയമാനുസൃതം നടക്കുമെന്നും ഭക്തജനങ്ങൾക്ക് സമാധാനപരമായി ശബരിമല സന്നിധിയിൽ പ്രാർത്ഥന നടത്താൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകളും ദേവസ്വം ബോർഡും സഹകരണാത്മക സംഘരാജ്യതത്വത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് പരസ്പര ധാരണയോടെ അവരവരുടേതായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഭരണഘടനാ ബാധ്യസ്ഥമാണ്. വിശ്വാസത്തിന്റെയും വിശ്വാസികളുടെയും കാവൽ ഭടന്മാരും ഈ പ്രക്രിയയിൽ പങ്കുചേരാൻ ധർമ്മനീതി നിർബന്ധരാണ്'.