kodiyeri

കോഴിക്കോട്: ശബരിമല വിഷയത്തിന്റെ പേരിൽ ബി.ജെ.പിയും കോൺഗ്രസും പിണറായി സർക്കാരിനെതിരെ വിമോചന സമരം നടത്താനുള്ള ശ്രമത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. നാല് വോട്ടിനും അധികാരത്തിനും വേണ്ടി ഇടത് പക്ഷം തങ്ങളുടെ നിലപാട് മാറ്റില്ല. സ്ത്രീകൾക്ക് തുല്യ അവസരം നൽകണമെന്നാണ് പാർട്ടി നിലപാട്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പിലാക്കിയത്. ഇനി സ്ത്രീകളെ കയറ്റേണ്ടെന്ന് കോടതി പറഞ്ഞാൽ അതും നടപ്പിലാക്കും. എന്നാൽ സി.പി.എമ്മിന്റെ നിലപാടിൽ മാറ്റമുണ്ടാകാൻ പോകുന്നില്ല. രാമഭൂമി വിഷയത്തിൽ ഉത്തരേന്ത്യയിൽ ആർ.എസ്.എസ് നടത്തിയ കലാപങ്ങൾ കേരളത്തിൽ നടക്കില്ലെന്നും കോടിയേരി കോഴിക്കോട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ബന്ധുനിയമന വിവാദത്തിൽ പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ നടക്കുന്നത് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെപ്പോലെ വർഗീയ പ്രചാരണം നടത്തുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്ന് കോടതിയും പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ വർഗീയ പ്രചാരണങ്ങൾ മുസ്‌ലിം ലീഗ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിൽ ജലീലിനുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ മുസ‌്ലിം ലീഗ് തിരിയാൻ കാരണം. ജലീൽ കുറ്റം ചെയ്‌തുവെന്ന് പാർട്ടി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.