തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജർ തസ്‌തികയിൽ തന്റെ ബന്ധു അദീപിന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിയുന്നു. അദീപിന്റെ പി.ജി.ഡി.ബി.എ കേരളത്തിലെ ഒരു സർവകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന വിവരം പുറത്തായതോടെയാണ് മന്ത്രിയുടെ വാദം പൊളിഞ്ഞത്. അണ്ണാമലയിൽ നിന്നും നേടിയ പി.ജി.ഡി.ബി.എ കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എം.ബി.എ യോഗ്യത വേണ്ട പോസ്‌റ്റിന് ബി.ടെക്കും പി.ജി.ഡി.ബി.എയും മതിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു.
അതേസമയം, വിവാദത്തിൽ മന്ത്രി ജലീലിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. ബന്ധുനിയമന വിവാദത്തിൽ പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ നടക്കുന്നത് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെപ്പോലെ വർഗീയ പ്രചാരണം നടത്തുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്ന് കോടതിയും പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ വർഗീയ പ്രചാരണങ്ങൾ മുസ്‌ലിം ലീഗ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിൽ ജലീലിനുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ മുസ‌്ലിം ലീഗ് തിരിയാൻ കാരണം. ജലീൽ കുറ്റം ചെയ്‌തുവെന്ന് പാർട്ടി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.