പത്തനാപുരം: സ്കൂളിലെ ശദാബ്ദി ആഘോഷങ്ങൾക്കിടെ ഹെഡ്മാസ്റ്റർക്ക് നേരെ കെ.ബി ഗണേശ് കുമാർ എം.എൽ.എയുടെ കൈയേറ്റ ശ്രമം. കൊല്ലത്തെ മാലൂർ സർക്കാർ യു.പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് ഹെഡ്മാസ്റ്ററും എം.എൽ.എയും തമ്മിൽ കൈയേറ്റം നടന്നത്. ഇരുവരുടെയും വാക്കേറ്രം കൈയാങ്കളിയിൽ എത്തിയതോടെ വേദിയിലിരുന്നവർ പിടിച്ചുമാറ്റുകയായിരുന്നു.
ചടങ്ങിനിടെ ഹെഡ്മാസ്റ്റർ സി.വിജയകുമാറിനെതിരെ എം.എൽ.എ നടത്തിയ ആരോപണമാണ് പ്രശ്നങ്ങൾക്ക് കാരണം. എം.എൽ.എയുടെ പ്രസംഗശേഷം സ്‌കൂൾ വികസനവുമായി ബന്ധപ്പെട്ട നിവേദനം നൽകാൻ ഹെഡ്മാസ്റ്ററേയും പി.ടി.എ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെ എം.എൽ.എ പ്രകോപിതനായി. തുടർന്ന് ഹെഡ്മാസ്റ്റർ തനിക്ക് പരാതി നൽകേണ്ട ആവശ്യമില്ലെന്ന് എം.എൽ.എയും നിലപാട് എടുത്തതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി.
അതേസമയം, പരിപാടിയിൽ മുഖ്യാതിഥിയായി ഗണേഷ് കുമാറിനെ ക്ഷണിക്കാതെ മന്ത്രി കെ.രാജുവിനെ ക്ഷണിച്ചതാണ് എം.എൽ.എയെ പ്രകോപിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി.
ഉദ്ഘാടകനാക്കാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ഗണേശ് കുമാർ പറഞ്ഞിരുന്നുവെന്ന് ഹെഡ്മാസ്റ്റർ പിന്നീട് പ്രതികരിച്ചു.