new-born-died

ഗുവാഹത്തി: ഒരാഴ്‌ചയ്‌ക്കിടെ ചികിത്സയ്‌ക്കെത്തിയ കുട്ടികളിൽ 16 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആസാം സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ജോർഹാത്ത് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിലാണ് നവംബർ ഒന്ന് മുതൽ ആറ് വരെ നിരവധി കുട്ടികൾ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പും ആശുപത്രി അധികൃതരും രണ്ട് സംഘങ്ങളെ വീതം നിയോഗിച്ചു.

ആശുപത്രിയിലെ നവജാത ശിശുക്കളെ ചികിത്സിക്കുന്ന കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചവരിൽ അധികവും. എന്നാൽ കുട്ടികൾ മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്നും ഇക്കാര്യത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും അധികൃതർ അവകാശപ്പെട്ടു. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം ഇപ്പോൾ വർ‌ദ്ധിച്ചിട്ടുണ്ടെന്നും അതിനാലാണ് മരണ സംഖ്യ കൂടിയതെന്നുമാണ് അധികൃതരുടെ വിചിത്ര വാദം. വിവിധ തരം അസുഖങ്ങളുമായാണ് രോഗികൾ ആശുപത്രിയിൽ എത്തുന്നതെന്നും ആശുപത്രിയിലെ സൂപ്രണ്ട് പറയുന്നു. ആശുപത്രിയിൽ 140 രോഗികളെ മാത്രമേ കിടത്തി ചികിത്സിക്കാൻ കഴിയൂ. എന്നാൽ പലപ്പോഴും ഇതിൽ കൂടുതൽ പേരെ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നും അധികൃതർ വിശദീകരിക്കുന്നു.