1. ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ വാദങ്ങൾ പൊളിയുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറായി നിയമിച്ച പിതൃസഹോദര പുത്രൻ അദീബിന്റെ യോഗ്യതയ്ക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ അംഗീകാരമില്ല എന്ന് കണ്ടെത്തൽ. കേരളത്തിലെ സർവ്വകാലാശാലകൾ പി.ജി.ഡി.ബി.എ കോഴ്‌സ് അംഗീകരിച്ചിട്ടില്ല. അണ്ണാമല സർവ്വകലാശാലയുടെ പി.ജി.ഡി.ബി.എ കോഴ്‌സിനും അംഗീകാരമില്ല. കാലിക്കറ്റ് സർവ്വകലാശാലയുടെ അംഗീകാരം ഉണ്ടെന്ന ജലീലിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
2. ബന്ധു നിയമന വിവാദത്തിന് പുറമെ, ജലീലിന് കുരുക്ക് മുറുക്കി വീണ്ടും ആരോപണം. യു.ജി.സി ചട്ടം മറികടന്ന് സ്വകാര്യ സർവ്വകലാശാലയ്ക്ക് ഓഫ് ക്യാമ്പസ് അനുവദിച്ചതായി പുതിയ ആരോപണം. കൊച്ചിയിൽ ഓഫ് ക്യാമ്പസ് തുടങ്ങാൻ അനുമതി നൽകിയത് ബംഗളൂരു ആസ്ഥാനമായ ജെയിൻ സർവ്വകലാശാലയ്ക്ക്. ഓഫ് ക്യാമ്പസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അനുമതി നൽകിയതായി ആക്ഷേപം. ചട്ടം ലംഘനം ചൂണ്ടിക്കാട്ടി കെ.എൻ.എ ഖാദർ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി വിവരം.
3. അതിനിടെ ജലീലിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിക്ക് എതിരായ ബന്ധു നിയമന ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗം. ഇപ്പോൾ നടക്കുന്നത് ജലീലിനെ വ്യക്തിഹത്യ ചെയ്യൽ. നിയമനത്തിൽ ആർക്ക് എങ്കിലും പരാതി ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം. ജലീൽ തെറ്റ് ചെയ്‌തെന്ന് പാർട്ടി കരുതുന്നില്ല. സർക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നും കോടിയേരി.
4. മൺവിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഗോഡൗൺ ജീവനക്കാരായ ചിറയിൻകീഴ്, കഴക്കൂട്ടം സ്വദേശികൾ സംഭവദിവസം കഴക്കൂട്ടത്ത് നിന്ന് ലൈറ്റർ വാങ്ങിതായി പൊലീസിന് തെളിവ് ലഭിച്ചു. ലൈറ്റർ ഉപയോഗിച്ച് പായ്ക്കിംഗിനുള്ള പ്ലാസ്റ്റിക്കിന് തീ കൊളുത്തി എന്ന് സൂചന. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചത് പ്രകോപനത്തിന് കാരണമായി. ഇലക്ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷം അറസ്റ്റ് എന്നും പൊലീസ്.
5. ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. സുപ്രീംകോടതി വിധി അനുസരിക്കാൻ ഭരണഘടനാ സ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്. വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ക്ഷേത്രത്തെ തകർക്കാൻ. ശബരിമലയിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി നടത്തിയത് ആചാര ലംഘനം എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്. മാപ്പ് പറഞ്ഞാലും വത്സൻ തില്ലങ്കേരി നടത്തിയത് ആചാര ലംഘനം. ദേവസ്വം ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുത് എന്ന ആഹ്വാനം ക്ഷേത്രങ്ങളെ തകർക്കാൻ. സമരാഹ്വാനം ഇല്ലാത്തതിനാൽ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് നടത്തിയത് ആചാര ലംഘനം അല്ലെന്നും എ. പദ്മകുമാർ.
6. നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാർ ഉടൻ കീഴടങ്ങുമെന്ന് സൂചന. കോടതിയിൽ കീഴടങ്ങാൻ ശ്രമം നടത്തുന്നത്, ഹരികുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം പതിനാലിലേക്ക് മാറ്റിയ സാഹചര്യത്തിൽ. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഒളിവിൽ കഴിയുന്നത് ബുദ്ധിമുട്ട് ആണെന്ന ബോധ്യമാണ് ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്ന് സൂചന.
7. നെയ്യാറ്റിൻകരയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ കോടതികളിൽ കീഴങ്ങാൻ ഹരികുമാർ നീക്കം നടത്തുന്നതായി വിവരം. അതേസമയം, ഹരികുമാറിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് സംഘം ശ്രമം തുടരുകയാണ്. ക്രൈംബ്രാഞ്ച് എസ്.പി കെ.എം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിൽ അടക്കം തിരച്ചിൽ നടത്തുന്നുണ്ട്. പൊലീസ് നടപടി ശക്തമാക്കിയത്, നീതി ലഭിച്ചില്ലെങ്കിൽ കുഞ്ഞുങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പറഞ്ഞ സാഹചര്യത്തിൽ.
8. ബി.ജെ.പിക്ക് എതിരായി പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന മഹാസഖ്യം ശക്തം ആക്കാൻ തയ്യാറെടുത്ത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മഹസാഖ്യ രൂപീകരണത്തിന് മുന്നോടിയായി ചന്ദ്രബാബു നായിഡു ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ കണ്ടു. ബി.ജെ.പിക്ക് എതിരായ പ്രതിപക്ഷ സഖ്യത്തിന് പൂർണ പിന്തുണയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റാലിൻ. പ്രതിപക്ഷ സഖ്യത്തിന്റെ തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്നും സ്റ്റാലിൻ. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഒന്നിച്ച് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയെ സന്ദർശിച്ച ശേഷം ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.
9. ക്യാപ്‌ടൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ വനിത ട്വൻടി ട്വൻടി ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. ക്യാപ്‌ടൻ ഹർമൻപ്രീത് കൗർ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ ന്യൂസിലാൻഡിന് എതിരെ ഇന്ത്യയ്ക്ക് 34 റൺസിന്റെ തകർപ്പൻ ജയം. ടി ട്വൻടി ലോകകപ്പിൽ ഒരു രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ ഇന്ത്യ നേടിയപ്പോൾ ഹർമൻ പ്രീത് നേടിയത് ടി ട്വൻടിയിലെ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ച്വറി. ഇന്ത്യയ്ക്ക് വേണ്ടി ജമീമ റോഡ്രിഗസ് അർദ്ധ സെഞ്ച്വറി നേടി.