തിരുവനന്തപുരം: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയെ അറസ്‌റ്റ് ചെയ്യാൻ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് എം.ടി.രമേശ് രംഗത്തെത്തി. ശ്രീധരൻപിള്ളയ്‌ക്കെതിരെ കേസെടുത്ത കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ ഇന്ന് നാല് മണിക്ക് ബി.ജെ.പിയുടെ രഥയാത്ര കടന്ന് പോകും. ധൈര്യമുണ്ടെങ്കിൽ അപ്പോൾ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യട്ടേ. നവംബർ 16ന് ശബരിമല നടതുറക്കുമ്പോൾ ബി.ജെ.പി നേതാക്കളെല്ലാം സന്നിധാനത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി വിധിയുടെ പേര് പറഞ്ഞ് സംസ്ഥാന സർക്കാർ അയ്യപ്പഭക്തന്മാരെ പീഡിപ്പിക്കുകയാണ്. ഇപ്പോൾ ശബരിമല ദർശനത്തിന് പൊലീസ് അനുമതി വേണമെന്നാണ് സർക്കാർ നിലപാട്. പൊലീസ് അനുമതി വാങ്ങി സന്നിധാനത്ത് എത്താൻ അയ്യപ്പഭക്തന്മാർ ക്രിമിനലുകളാണോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിൽ സംഘർഷമുണ്ടാക്കിയെന്ന് പറഞ്ഞ് നിരവധി പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിലൊരാൾ പോലും പൊലീസ് സ്‌റ്റേഷനിലെത്തി ജാമ്യം എടുക്കില്ല. കേരളത്തിലെ പൊലീസ് സ്‌റ്റേഷനിലെ തിണ്ണനിരങ്ങാൻ തങ്ങളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എൻ.ഡി.എ സംഘടിപ്പിച്ച രഥയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.