കുട്ടിക്കാലം മുതൽ മനസിലിട്ടു പോറ്റി വളർത്തിയ ഒരു സ്വപ്നമുണ്ടായിരുന്നു പാർവതിക്ക്. ഭിലായ് സ്റ്റീൽ പ്ളാന്റിലെ ജൂനിയർ മാനേജർ പദവി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതും ഒപ്പം വളർന്നു വലുതായ ആ സ്വപ്നമായിരുന്നു. പാർവതി വിമൽ പ്രകാശ്. സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സി.ബി.എസ്.സി ) കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചാർജുള്ള റീജിയണൽ ഓഫീസർ.
അപ്പൂപ്പൻ എന്ന വിജയരഹസ്യം
അപ്പൂപ്പൻ വർക്കല രാധാകൃഷ്ണനെ അഭിമാനത്തോടെ, ഹൃദയം തൂവുന്ന സ്നേഹത്തോടെ ചെറുമകൾ ഓർക്കുന്നു . '' ജോലി രാജിവച്ച് സിവിൽ സർവീസിന് തയാറെടുക്കാൻ പിന്തുണ നൽകിയത് അപ്പൂപ്പനാണ്. അദ്ദേഹം അന്ന് എം.പിയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഡൽഹിയിൽ താമസിച്ചാണ് കോച്ചിംഗിന് പോയത്. ( വർക്കല രാധാകൃഷ്ണന്റെ മകൾ ശ്രീലതയുടെ മകളാണ് പാർവതി )
രണ്ടാമത്തെ ചാൻസിൽ 2010 ലാണ് സിവിൽ സർവീസ് കിട്ടിയത്. 2012 ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജോയിൻ ചെയ്തു. ഡൽഹി ആൾ ഇന്ത്യ റേഡിയോയിലായിരുന്നു ആദ്യ പ്രവേശനം. ട്രെയിനിംഗ് കഴിഞ്ഞ് ഡി.എ.വി.പിയിൽ ( ഇപ്പോഴത്തെ ബ്യൂറോ കമ്മ്യൂണിക്കേഷൻ ) അസിസ്റ്റന്റ് ഡയറക്ടർ ആയി 2013 ൽ ജോയിൻ ചെയ്തു.നാല് വർഷം അവിടെയായിരുന്നു. 2016 ൽ ഡെപ്യൂട്ടി ഡയറക്ടറായി. 2017 ൽ സി.ബി.എസ്.സി റീജിയണൽ ഓഫീസറായി.""
കൊല്ലം ശ്രീനാരായണ പബ്ളിക് സ്കൂളിലായിരുന്നു പത്താംക്ളാസ് വരെ പാർവതി പഠിച്ചത്. 11, 12 ക്ളാസുകൾ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ. എൻജിനീയറിംഗ് സി.ഇ.ടിയിൽ. എൻജിനിയറിംഗ് കഴിഞ്ഞ് ഒരു വർഷം ഭിലായ് സ്റ്റീൽ പ്ളാന്റിൽ ജൂനിയർ മാനേജരായി ജോലി ചെയ്തു. പിന്നീടാണ് സിവിൽ സർവീസ് കോച്ചിംഗിന് പോയത്. എൻജിനിയറിംഗിന് പോയതു തന്നെ സിവിൽ സർവീസ് ലഭിച്ചില്ലെങ്കിൽ കരിയറിൽ ഒരു സുരക്ഷിതത്വത്തിന് വേണ്ടിയാണെന്ന് പാർവതി.
പുതിയ പദവി
സിനിമാട്ടോഗ്രാഫ് ആക്ട് 1952 , സിനിമാട്ടോഗ്രാഫ് സർട്ടിഫിക്കേഷൻ റൂൾസ് 1983 എന്നീ നിയമങ്ങളുടെ പാലനം ആണ് നമ്മുടെ ഉത്തരവാദിത്വം. സ്റ്റ്യാറ്റ്യൂട്ടറി പോസ്റ്റ് ആണ്. ഇതിൽ ഗവൺമെന്റിന്റെ ഗൈഡ് ലൈനുകളും ബാധകമാണ്. ഇതനുസരിച്ച് വേണം നമ്മൾ സിനിമയെ വിലയിരുത്തേണ്ടത്. പാർലമെന്റ് പാസാക്കിയ നിയമങ്ങളുടെ വ്യാഖ്യാനത്തിൽ മാത്രമേ കോടതി കടന്നു ചെല്ലാറുള്ളൂ. വ്യാഖ്യാനം തെറ്റാണെന്ന് കോടതി പറഞ്ഞാൽ അതനുസരിക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്. പാസാക്കപ്പെട്ട നിയമത്തിന് വിരുദ്ധമായി മിനിസ്ട്രിയോ സിബി.എഫ് സിയോ പ്രവർത്തിക്കുമ്പോൾ കോടതി ഇടപെടും.
സി.ബി.എഫ്സിയും സ്ത്രീയും
സെൻസർ ബോർഡിൽ ഒൻപത് റീജിയണൽ ഓഫീസർമാരുണ്ട്. അതിൽ രണ്ട് പേർ സ്ത്രീകളാണ്. ചെന്നൈ റീജിയണൽ ഓഫീസറും സ്ത്രീയാണ്. സിനിമയുടെ എക്സാമിനേഷൻ കമ്മിറ്റിയിൽ രണ്ട് സ്ത്രീകളെങ്കിലും ഉണ്ടായിരിക്കണം എന്നാണ് നിയമം. രണ്ടിൽ കൂടുതൽ സ്ത്രീകളായാലും കുഴപ്പമില്ല. എന്നാൽ രണ്ടിൽ കുറയരുത്. റീജിയണൽ ഓഫീസർ സ്ത്രീയാണെങ്കിൽ കമ്മിറ്റിയിൽ ഒരു സ്ത്രീ കൂടി ഉൾപ്പെട്ടിരിക്കണം. റീജിയണൽ ഓഫീസർ പുരുഷൻ ആണെങ്കിൽ കമ്മിറ്റിയിൽ രണ്ട് സ്ത്രീകൾ നിർബന്ധമായും ഉണ്ടായിരിക്കണം എന്നാണ് നിയമം. ഏത് സിനിമയും രണ്ട് സ്ത്രീകൾ കണ്ടിരിക്കണം എന്നതിലൂടെ എല്ലാ സിനിമയും സ്ത്രീകളുടെ വീക്ഷണകോണിലൂടെ വിലയിരുത്തപ്പെടണം എന്ന് നിയമം അനുശാസിക്കുന്നു.
പുതിയ സിനിമകളെ എങ്ങനെവിലയിരുത്തും ?
ഫിലിം സർട്ടിഫിക്കേഷൻ എന്നത് സാമൂഹ്യ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത് . കാലത്തിനനുസരിച്ച് സിനിമയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒരു സിനിമയെ വിലയിരുത്തുമ്പോൾ ആ സിനിമ കടന്നുവരാനുണ്ടായ പശ്ചാത്തലവും അത് ഉയർത്തുന്ന സാമൂഹ്യപ്രശ്നങ്ങളും സമകാലിക പ്രസക്തിയും കൂടിയാണ് വിലയിരുത്തപ്പെടേണ്ടത്. ഒരു സിനിമ കാണുമ്പോൾ അതിന് ഇടയാക്കിയ സാഹചര്യത്തെ ഉൾക്കൊള്ളാൻ ശ്രമിക്കും. മുൻപ് ഇറങ്ങിയ സിനിമകളെയും ഇപ്പോഴത്തെ സിനിമകളെയും താരതമ്യപ്പെടുത്തി പഠിക്കാൻ ശ്രമിക്കുന്നുണ്ട്.
കുടുംബം
അച്ഛൻ വിമൽ പ്രകാശ് ഇടുക്കി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആയി റിട്ടയർ ചെയ്തു. അമ്മ ശ്രീലത ചെമ്പഴന്തി എസ്.എൻ. കോളേജിൽ നിന്ന് എച്ച്.ഒ.ഡിയായി റിട്ടയർ ചെയ്തു. ഭർത്താവ് സുധീപ് ഡൽഹിയിൽ അഭിഭാഷകനാണ് . മകൾ നീലാഞ്ജനയ്ക്ക് രണ്ട് വയസായി. സഹോദരൻ ഗോപീകൃഷ്ണൻ സ്റ്റേറ്ര് ബാങ്ക് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ ആയി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു.