hiv

ബാങ്കോക്ക്: എച്ച്.ഐ.വി ബാധിച്ച സൈനികൻ എഴുപതിലേറെ കൗമാരക്കാരായ ആൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. തായ്ലന്റിലെ സൈന്യത്തിലെ സെർജന്റ്‌മേജറായ ജക്രിത്‌ഖോംസിനെതിരെയാണ് പരാതി ഉയർന്നത്. പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എച്ച്.ഐ.വി ബാധിതനായ ഇയാൾ 70ഓളം ആൺകുട്ടികളെ പീഡിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.

13നും 18നും പ്രായത്തിലുള്ള ആൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കാൻ തിരഞ്ഞെടുത്തത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചാണ് ആൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. ഇയാളുടെ പേരിൽ നിരവധി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട്. ഗേഡേറ്റിംഗ് ആപ്പായ ബ്ലൂഡും വഴി ഇയാൾ ആൺകുട്ടികളെ കണ്ടെത്തിയിരുന്നു. കുട്ടികളുമായി ചാറ്റിംഗിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്നചിത്രങ്ങൾ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. നഗ്നചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടർന്ന് ചില ആൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് ഇയാൾ അറസ്റ്റിലായത്.

തുടർന്ന് പ്രതിയുടെ വീട് പരിശോധിച്ച ശേഷമാണ് എച്ച്.ഐ.വി രോഗികൾ ഉപയോഗിക്കുന്ന മരുന്നുകൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി എച്ച്.ഐ.വി ബാധിതനാണെന്ന സംശയമുണ്ടായത്. തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയതോടെയാണ് റിസൾട്ട് പോസിറ്റീവാണെന്ന് വ്യക്തമായി. കുട്ടികളിലേക്ക് എച്ച്.ഐ.വി ബാധ പകർന്നിട്ടുണ്ടാകുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. തായ്ലൻഡ് നിയമപ്രകാരം വർഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സംഭവത്തിൽ ഇനിയും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.