ചേർത്തല: നാടുവിടാനൊരുങ്ങിയ പത്താംക്ളാസ് വിദ്യാർത്ഥിനിയെയും 20 വയസുകാരനെയും 24 മണിക്കൂറിനകം പിടികൂടിയ പൊലീസ്, ഇരുവരെയും വീട്ടുകാർക്കൊപ്പം വിട്ടയച്ചെങ്കിലും പെൺകുട്ടി എല്ലാ കാര്യങ്ങളും സ്കൂളിൽ നടന്ന കൗൺസലിംഗിൽ പറഞ്ഞതോടെ കാമുകൻ പോക്സോ നിയമ പ്രകാരം ജയിലിലായി. വൈക്കം തലയാഴം ആറാട്ടുപുഴ വീട്ടിൽ അരുണിനെയാണ് (ആൽബി–20) പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ശല്യം ചെയ്യുന്നതിനെതിരെയുള്ള നിയമ പ്രകാരം ചേർത്തല പൊലീസ് ഇൻസ്പെക്ടർ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുളന്തുരുത്തിക്ക് സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് അരുൺ.
കഴിഞ്ഞ രണ്ടിനാണ് പെൺകുട്ടിയെ കാണാതായത്.
തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും മൂന്നിന് ഇരുവരെയും ചേർത്തലയിൽ നിന്ന് പിടികൂടുകയും ചെയ്തു. രണ്ടിന് വൈകിട്ട് കോഴിക്കോട്ടേക്ക് ബസിൽ പോയെങ്കിലും വീട്ടുകാർ പൊലീസിൽ പരാതി നൽകിയെന്നറിഞ്ഞതോടെ അടുത്ത ബസിൽ തിരികെ വീട്ടിലേക്ക് പോരുകയായിരുന്നുവെന്നാണ് പെൺകുട്ടി ആദ്യം പൊലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും അന്ന് വീട്ടുകാർക്കൊപ്പം വിട്ടയച്ചിരുന്നു. എന്നാൽ പിന്നീട് സ്കൂളിലെ കൗൺസിലിംഗിനിടെയാണ് കാമുകൻ ഉപദ്രവിച്ചതായി പെൺകുട്ടി പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.