-secrateriate

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിൽ പുനർനിർമ്മാണ പ്രക്രിയകളെക്കുറിച്ചെല്ലാം ചർച്ചകൾ തകൃതി. കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന ആക്ഷേപം ശക്തവും. കേരളത്തിന്റെ പുനർ നിർമ്മിതിക്ക് ഫണ്ട് സ്വരൂപീകരണത്തിനായി സർക്കാർ സകലവഴികളും തേടുകയാണ്. ചെലവുചുരുക്കലും അതിനായി നടന്നുവരുന്നു. എന്നാൽ, അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് തോന്നുംവിധമാണ് ചില ഉദ്യോഗസ്ഥരുടെ രീതികൾ. സെപ്റ്റംബറിൽ ചായക്കുടിക്ക് മാത്രം ഉദ്യോഗസ്ഥർ ചെലവിട്ടത് രണ്ടേകാൽ ലക്ഷം രൂപ! സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയാണിത്.

പ്രളയദുരന്തത്തിന്റെ ആഘാതം ശക്തമായി നിന്ന മാസമായ സെപ്റ്റംബറിൽ 2,24,296 രൂപയാണ് ഇന്ത്യൻ കോഫിഹൗസിന് മാത്രമായി നൽകാൻ പൊതുഭരണ വകുപ്പ് ഉത്തരവായത്. ഇതിന്റെ പകർപ്പ് 'ഫ്ളാഷി'ന് ലഭിച്ചു. ഇന്ത്യൻ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ച് മാനേജർ ആണ് ഉദ്യോഗസ്ഥരുടെ 'ലൈറ്റ് റിഫ്രഷ്മെന്റ് ചാർജ്' ഇനത്തിലുള്ള സെപ്റ്റംബർ മാസത്തെ ബില്ലുകൾ സർക്കാരിന് സമർപ്പിച്ചത്. ചീഫ് സെക്രട്ടറിയുടെയും മറ്റ് സെക്രട്ടറിമാരുടെയും ഓഫീസിൽ ലൈറ്റ് റിഫ്രഷ്മെന്റ് ഇനത്തിൽ ചെലവായ തുകയാണ് ഇത്. ബിൽ വിശദമായി പരിശോധിച്ച ശേഷം സർക്കാർ ഇത് അംഗീകരിച്ച് തുക അനുവദിച്ചു. ബിൽ തുക തൃശൂർ ആസ്ഥാനമായുള്ള ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് അനുവദിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവായത്.

പ്രളയദുരന്ത ബാധിതർക്ക് പതിനായിരം രൂപയുടെ ധനസഹായ വിതരണം ഏറെക്കുറെ പൂർത്തിയായെങ്കിലും കുടുംബശ്രീ മുഖേനയുള്ള ഒരു ലക്ഷം രൂപയുടെ വായ്പാവിതരണം എങ്ങുമെത്തിയിട്ടില്ല. ദുരന്തത്തിൽ തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയുമൊന്നും പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യത്തിലും ഒരു വ്യക്തതയുമായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. സാലറി ചലഞ്ച് ഉൾപ്പെടെ നടത്തി കേരളത്തിന്റെ പുനർ നിർമ്മിതിക്കായി സർക്കാർ ഫണ്ട് സ്വരൂപിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ചായക്കുടിക്ക് ഒരു മാസം ലക്ഷങ്ങളുടെ ചെലവ് വന്നത്. പ്രളയത്തിന് ശേഷം ചെലവ് ചുരുക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ ഇത്തരം ചെലവുകൾ വന്നുപെടുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.