prayar

കൊച്ചി: സംസ്ഥാനസർക്കാരിനും ദേവസ്വം ബോർഡിനും രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്‌ണൻ രംഗത്ത്. ശബരിമല ശ്രീ അയ്യപ്പനെ ഒരു കറവ പശുവിനെ പോലെയാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ആചാരാനുഷ്‌ഠാനങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് സർക്കാരും ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നതെന്ന് പ്രയാർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. എറണാകുളം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രയാറിന്റെ ആരോപണം.

'ദേവസ്വം ബോർഡിന്റെ അവകാശത്തെ പറ്റി ബോർഡിന് തന്നെ മനസിലാകുന്നില്ല. ഇപ്പോഴത്തെ പ്രസിഡന്റ് പദ്‌മകുമാർ സർക്കാരിന്റെ ആജ്ഞാനുവർത്തിയായാണ് പ്രവർത്തിക്കുന്നത്. വേലിതന്നെ വിളവു തിന്നുന്ന കാഴ്‌ചയാണ് ബോർഡിൽ കാണാൻ കഴിയുന്നത്. ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങളെയെല്ലാം അനുസരിക്കുന്നതിന് പ്രസിഡന്റായാലും മന്ത്രിയായാലും ബാധ്യസ്ഥനാണ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ഇറങ്ങിയത് ബോർഡ് മെമ്പറായിരിക്കുന്ന ശങ്കർദാസാണ്. ക്ഷേത്ര ആചാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ ഈ സമീപനം നന്നല്ല'- പ്രയാർ പറഞ്ഞു.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന സമീപനമാണ് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത്. ലാവ്‌ലിൻ കേസ് പൂർണമായി കെട്ടി മൂടി ഇനിയും അതിന് വെളിച്ചം കാണാൻ കഴിയില്ല എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ശബരിമല വിഷയം സുപ്രീം കോടതിയ്‌ക്ക് മുന്നിൽ എത്തിയത്. കോടതി പരിശോധനയ്‌ക്കും പരിഗണനയ്‌ക്കും എടുക്കുമ്പോൾ, ജഡ്‌ജ്‌മെന്റ് നടപ്പിലാക്കുന്നതിന് രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഒരു ചെറിയ പരിഗണന വേണ്ടേ എന്ന ചിന്തയുണ്ടാകുമെങ്കിൽ ഉണ്ടാകട്ടെ എന്നതാണ് അതിലെ മറ്റൊരു വശം -പ്രയാർ വ്യക്തമാക്കി.