കോട്ടയം: പുന്നമടക്കായലിലെ പൊന്നോളങ്ങളിൽ ഇന്ന് നെഹ്‌റുട്രോഫി വള്ളംകളിക്ക് അരങ്ങ് ഉണരുമ്പോൾ ആറ് തവണ നെഹ്‌റുട്രോഫിയിൽ മുത്തമിട്ട കാവാലം ചുണ്ടൻ വള്ളപ്പുരയിൽ ചിതലരിച്ച് തീരുന്നു. കാവാലത്തിന്റെ പെരുമയുമായി പുന്നമടയിലെത്തി ഒരുകാലത്ത് എതിരാളികളെ വിറപ്പിച്ച ചുണ്ടനാണ് ആരും തിരിഞ്ഞു നോക്കാനില്ലാതെ ജീർണിച്ച് വള്ളപ്പുരയിൽ നശിക്കുന്നത്.
പലതവണ പുതുക്കി പണികൾ നടത്തിയ വള്ളം കാലപ്പഴക്കത്താൽ വള്ളപ്പുരയിലൊതുങ്ങുകയായിരുന്നു. പ്രദർശന വള്ളമായി പുന്നമടക്കായലിൽ എത്തിച്ചെങ്കിലും പിന്നീട് അതും നിലച്ചു. 2010 ലാണ് കാവാലം അവസാനമായി നെഹ്‌റു ട്രോഫിക്കെത്തിയത്. കൃത്യമായി സംരക്ഷിക്കാത്തതിനാൽ ഇഴജന്തുക്കളുടെ താവളമാണ് ചുണ്ടൻ സൂക്ഷിച്ചിരിക്കുന്ന വള്ളപ്പുര. ചുണ്ടന്റെ പ്രധാന ഭാഗങ്ങളെല്ലാം ജീർണിച്ചു. കാട് പള്ളയും പടർന്നു കയറി ഭാർഗവി നിലയത്തിന് സമമമാണ് ചുണ്ടൻ സൂക്ഷിച്ചിരിക്കുന്ന വള്ളപ്പുര ഇപ്പോൾ. ഇഴജന്തുക്കളുടെ ശല്യം കാരണം വിനോദ സഞ്ചാരികൾ പോലും കാവാലം ചുണ്ടനെ കാണാനെത്താറില്ല. ആദ്യം മുതൽ നാടിന്റെ പേരിൽ അറിയപ്പെട്ട വള്ളം കാലഹരണപ്പെട്ടതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പുതിയ ചുണ്ടൻ പണിയാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
കൈനകരി ചുണ്ടൻ എന്ന പേരിലായിരുന്നു വള്ളം ആദ്യം മത്സരത്തിനിറങ്ങിയത്. 1942 ൽ കാവാലംകാരനായ കൊച്ചുപുരക്കൽ ഔസേപ്പ് വാങ്ങിയ വള്ളത്തിന് സ്വന്തം കരയായ കാവാലത്തിന്റെ പേര് നൽകുകയായിരുന്നു. ചുണ്ടൻ തുഴഞ്ഞിരുന്നതും സ്വന്തം കരക്കാർ തന്നെയായിരുന്നു. ആദ്യകാലം മുതൽ കുട്ടനാട്ടിലെ ജലമേളകളിൽ നിറസാന്നിദ്ധ്യമായിരുന്നു. 52 കോൽ നീളവും 83 തുഴക്കാരും 5 അമരക്കാരുമായിരുന്ന ചുണ്ടന്റെ ശില്‌പി രാമങ്കരി രാമനാചാരിയായിരുന്നു.
ചരിത്രത്തിൽ തലയുയർത്തി
നെഹ്‌റുവിന്റെ ആലപ്പുഴ സന്ദർശനത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ആലപ്പുഴയിൽ ഒരുക്കിയ വള്ളംങ്ങളിൽ ഒന്ന് കാവാലം ചുണ്ടനായിരുന്നു. 1954 ൽ മീനപ്പള്ളി വട്ടകായലിൽ നടന്ന നെഹ്‌റുവിന്റെ കയ്യൊപ്പോടുകൂടിയ വെള്ളിച്ചുണ്ടനു വേണ്ടിയുള്ള ആദ്യ മത്സരവള്ളംകളി ജയിച്ചതും കാവാലം ചുണ്ടനായിരുന്നു. അതും സ്വന്തം ടീമിന്റെ കരുത്തിൽ. 1954 ലെ വിജയത്തിനു ശേഷം , 1954, 1956, 1958, 1960, 1962 വർഷങ്ങളിലും കാവാലം ട്രോഫി കരസ്ഥമാക്കി.ട്രോഫി നേടിയ ആറ് തവണയും സ്വന്തം ടീമായ കാവാലം ബോട്ട് ക്ലബാണ് തുഴയെറിഞ്ഞത്. നെപ്പോളിയനും കാവാലം ചുണ്ടനുമായിരുന്നു ആദ്യകാലത്തെ എതിരാളികൾ.
കാവാലം ചുണ്ടനെന്ന പേരിൽ 1967 ൽ മലയാള സിനിമയും ഇറങ്ങി. ജി.ദേവരാജൻ സംഗീതം നൽകി കെ.ജെ.യേശുദാസ് പാടിയ 'കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ..' എന്ന് തുടങ്ങുന്ന പ്രശസ്തമായ ഗാനം 'കാവാലം ചുണ്ടൻ' എന്ന സിനിമയിലേതാണ്.