ചെങ്ങന്നൂർ: ചിത്തിര ആട്ടവിശേഷത്തിന് ശബലിമല നടതുറന്നപ്പോൾ പ്രതിഷേധ നിരയിൽ ഇരുമുടിക്കെട്ടുമായെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ സോപാനത്തുനിന്ന് പുറത്താക്കാൻ ദേവസ്വം കമ്മിഷണർ പി.വാസു നിർദ്ദേശിച്ചിരുന്നതായി വിവരം. പൊലീസിന്റെ കണ്ണ് വെട്ടിച്ച് കൊടുംകാട്ടിലൂടെ രാത്രിയിലാണ് സുരേന്ദ്രനും സംഘവും സന്നിധാനത്ത് എത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് ദേവസ്വം കമ്മിഷണർ ദേവസ്വം മാനേജരോട് രാഷ്ട്രീയക്കാരെയും വിശ്വാസികളല്ലാത്തവരെയും നടയിൽ നിന്ന് പുറത്താക്കാൻ നിർദ്ദേശിച്ചത്.
ദേവസ്വം മാനേജൻ ഉടൻ സോപാനം സ്പെഷ്യൽ ഓഫീസറോട് നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. എന്നാൽ കെ.സുരേന്ദ്രൻ വഴിപാടുകാരനാണെന്നും വഴിപാടുകാരനെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയാൽ ദേവസ്വം ബോർഡ് നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെയാണ് സുരേന്ദ്രനെ പുറത്താക്കാനുള്ള നിർദ്ദേശത്തിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറിയത്. നട തുറക്കുന്ന ദിവസങ്ങളിൽ ഒരു ദിവസം നിത്യപൂജയ്ക്ക് മൂന്ന് കൂപ്പണുകളാണ് സന്നിധാനത്ത് വിതരണം ചെയ്യുന്നത്. ചിത്തിര ആട്ടവിശേഷ ദിവസത്തിലേക്കുള്ളതിലൊന്ന് 50,000 രൂപ മുടക്കി കെ.സുരേന്ദ്രൻ തുലാമാസ പൂജയ്ക്ക് എത്തിയപ്പോൾ തന്നെ ബുക്ക് ചെയ്തിരുന്നു. അതിനാൽ പുറത്താക്കാൻ കഴിയില്ലെന്നാണ് ദേവസ്വം മാനേജർ കമ്മിഷണറെ അറിയിച്ചത്.
നിത്യപൂജയ്ക്കെടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഒരു ദിവസത്തെ എല്ലാ പ്രധാന പൂജകൾക്കും സോപാനത്ത് കയറിനിന്ന് ദർശനം നടത്താം. തന്നെ തടയുമെന്ന് മുൻകൂട്ടി മനസിലാക്കിയാണ് കഴിഞ്ഞ മാസപൂജാവേളയിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് മലയിറങ്ങിയതെന്ന് കെ.സുരേന്ദ്രൻ 'കേരളകൗമുദി ഫ്ളാഷി'നോട് പറഞ്ഞു. ഈ ടിക്കറ്റ് ഉണ്ടെങ്കിലും പമ്പയിലെത്തിയാൽ കസ്റ്റഡിയിലെടുക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കണ്ടാണ് അട്ടത്തോട് വഴി പരമ്പരാഗത കാനന പാതയിലൂടെ എത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.