തിരുവനന്തപുരം: മൺവിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാർ തന്നെ. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ചിറയിൻകീഴ് സ്വദേശി ബിമൽ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങൾ തന്നെയാണ് ഫാക്‌ടറിയ്‌ക്ക് തീവച്ചതെന്ന് സമ്മതിച്ചത്. ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് തീയിട്ടത്.
സംഭവദിവസം ഡ്യൂട്ടിയ്‌ക്ക് ശേഷമാണ് ഇരുവരും തീവച്ചത്. അന്ന് വൈകിട്ട് ഏഴുമണിയ്‌ക്ക് ശേഷം അവസാന ഷിഫറ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. ബിമലാണ് തീവച്ചത്. ഇയാൾക്ക് 19 വയസ് മാത്രമാണ് പ്രായം. ബിനുവിന് മുപ്പതിനോടടുത്ത് പ്രായമുണ്ട്. ശമ്പളത്തിൽ നിന്ന് 600 രൂപയോളം തൊഴിൽകരം പിടിച്ചതാണ് കൃത്യത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ ബിനു മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.