justice-kamala-pasha

തിരുവനന്തപുരം: ശബരിമല മതേതരത്വത്തിന്റെ നിറകുടമാണെന്നും അയ്യപ്പഭക്തനായ ആർക്കും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയിൽ പോകാമെന്നും ഹൈക്കോടതി മുൻ ജ‌ഡ്‌ജി കെമാൽ പാഷ പറഞ്ഞു. ആചാരങ്ങൾക്ക് കാലാനുസൃതമായി മാറ്റം വരണം. ഇന്നത്തെ ആചാരം നാളത്തെ അബദ്ധമായിരിക്കുമെന്നും കഥാകൃത്തും നോവലിസ്‌റ്റുമായ വി.രാധാകൃഷ്ണന്റെ പത്ത് പുസ്തകങ്ങളുടെ പ്രകാശനം പ്രസ് ക്ളബ്ബിൽ നിർവഹിച്ച് അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകൾ തന്നെയാണ്. സ്ത്രീകളെ ഏറ്റവും മോശമായി കാണുന്നതും അവർ തന്നെയാണ്. മാറ് മറയ്ക്കാൻ തയ്യാറായ സ്ത്രീയെ മറ്റ് സ്ത്രീകൾ ചേർന്ന് ഒറ്റപ്പെടുത്തിയ സംഭവം നമ്മുടെ മുന്നിലുണ്ട്. സതി സമ്പ്രദായം തിരിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞ് ആറായിരത്തോളം സ്ത്രീകൾ സമരം ചെയ്ത ചരിത്രം നമുക്കുണ്ട്. ഇതെല്ലാം തിരിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞ് ഇപ്പോൾ സമരം ചെയ്താൽ എന്താകും അവസ്ഥ. ഇതിനൊക്കെ കാരണം സ്ത്രീകൾക്ക് ബോധമില്ലെന്നത് തന്നെ. അത്തരം ബോധമില്ലാത്ത പ്രവൃത്തികളാണ് ശബരിമല വിഷയത്തിൽ ഇപ്പോൾ നാം കാണുന്നത്. കാലാനുസൃതമായി നിരവധി ആചാരങ്ങൾക്ക് വ്യത്യാസം വരണം. പണ്ട് ശബരിമല നട തുറന്നിരുന്നത് മണ്ഡല - മകരവിളക്ക് കാലത്ത് മാത്രമായിരുന്നു. എന്നാൽ,​ ദർശനത്തിന് തിരക്ക് കൂടിയതോടെ ഓരോ മാസവും ആറ് ദിവസം വീതം ദർശനം അനുവദിച്ചു. അതിലൂടെ പുതിയൊരു ആചാരമാണ് ഉണ്ടായത്. മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണം. ആദിവാസികൾക്ക് പോലുമില്ലാത്ത സംസ്‌കാരം തുടരാനാണ് ഇപ്പോൾ നമ്മൾ ശ്രമിക്കുന്നത്. ഇത് നമ്മളെ പതിനേഴാം നൂറ്റാണ്ടിലേക്ക് മടക്കി കൊണ്ടുപോകുകയാണ്. ആ കാഴ്ചപ്പാട് മാറണം. അതേസമയം,​ ഇതിനിടയിലെ പുഴുക്കുത്തുകളെ കാണാതിരിക്കുകയും ചെയ്യരുത് - കെമാൽ പാഷ പറഞ്ഞു.

പ്രൊഫസർ ജി.എൻ.പണിക്കർ അദ്ധ്യക്ഷനായിരുന്നു. ഡോ.വസന്തകുമാർ സാംബശിവൻ, അമ്പലപ്പുഴ രാജഗോപാൽ, സണ്ണിക്കുട്ടി എബ്രഹാം, ശ്രീകല ചിങ്ങോലി, രതീഷ് അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു. വി.രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. ബി.വി.കാരയ്ക്കാട് സ്വാഗതം ആശംസിച്ചു. എ.സിദ്ധിഖ് നന്ദി രേഖപ്പെടുത്തി.