water-bottle

മനുഷ്യന്റെ നിത്യജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ജലമെന്നതിൽ യാതൊരു തർക്കവുമില്ല. ശരീരത്തിൽ ജലാംശം കുറയുന്നതോ അതിലേറെ പ്രശ്നവും. യാത്രകളിലും ഓഫീസിലും കോളേജിലുമൊക്കെ പോകുമ്പോൾ നമ്മുടെ ബാഗിന്റെ ഓരം ചേർന്നുണ്ടാകും ഒരു കുപ്പി വെള്ളം. അത് അത്യാവശ്യമാണുതാനും. പ്രശ്നം ഇതൊന്നുമല്ല, നാം വെള്ളം കൊണ്ടുപോകുന്നത് എന്ത് പാത്രത്തിലാണ് എന്നതിൽ ആശ്രയിച്ചിരിക്കും കാര്യങ്ങളുടെ കിടപ്പ്. മിക്കവർക്കുമുള്ളൊരു ശീലമാണ് മുമ്പ് വാങ്ങിയ മിനറൽ വാട്ടറിന്റേയോ സോഫ്റ്റ് ഡ്രിങ്ക്സിന്റെയോ ബോട്ടിലിൽ വെള്ളം സൂക്ഷിക്കുകയെന്നത്. അങ്ങനൊരു ശീലം നിങ്ങൾക്കുമുണ്ടെങ്കിൽ മറക്കേണ്ട, നിങ്ങൾ വിലയായി നൽകികൊണ്ടിരിക്കുന്നത് സ്വന്തം ആരോഗ്യം തന്നെയാണ്. ഇത്തരം ബോട്ടിലുകളുടെ ആവർത്തിച്ചുള്ള ഉപയോഗം വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.

സൗകര്യത്തിന് വേണ്ടിയാണ് എല്ലാവരും ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകളെ ആശ്രയിക്കുന്നത്. ശ്രദ്ധിച്ചാൽ കാണാം മിനറൽ വാട്ടർ / സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികളുടെ അടിവശത്തോ ലേബലിലോ ഒരു ത്രികോണത്തിലായി ആയി 16 വരെയുള്ളതിൽ ഒരക്കവും പെറ്റ് എന്നീ അക്ഷരങ്ങളും. പോളി എഥിലീൻ ടെറഫ്തലെറ്റ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ടെക്െ്രസ്രെൽ മേഖലയിലെ പോളിയെസ്റ്ററും ഇതും ഒന്നുതന്നെയാണ്. സുതാര്യവും ദൃഢവും കാർബൺ ഡയോക്‌സൈഡിനെ തടയാനുള്ള കഴിവുമാണ് കാർബണേറ്റഡ് പാനീയങ്ങളുടെ കുപ്പികളായി പെറ്റിനെ ഉപയോഗിക്കാൻ കാരണം. പാക്ക് ചെയ്ത അവസരത്തിൽ നിരുപദ്രവകാരിയായ ഈ കുപ്പികളെ അപകടകാരിയാക്കുന്നത് അശ്രദ്ധമായ നമ്മുടെ ഉപയോഗമാണ്. പെറ്റിന് പരമാവധി 93 ഡിഗ്രി ചൂട് വരെ മാത്രമേ പ്രതിരോധിക്കാനാവൂ. അതിലധികമായാൽ പ്ലാസ്റ്റിക് ഉരുകുകയും തന്മാത്രകൾ വിഘടിക്കുകയും ചെയ്യും.

water-bottle

നിരന്തരമായ ഉപയോഗവും ചൂടും തണുപ്പും മാറിമാറി ബോട്ടിലുകളിൽ നിറയ്ക്കുന്നതും ഇതിന് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. തന്മാത്ര ചെയിനുകൾ വിഘടിക്കുമ്പോൾ ബിസ്‌ഫെനോൾ എ എന്ന രാസവസ്തു ഉണ്ടാവും. ഇങ്ങനെ ഉണ്ടാകുന്ന ബിസ്‌ഫെനോൾ എ വെള്ളം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിലെത്തുകയും ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളിൽ തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഹോർമോണുകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കാൻ കഴിവുള്ള ഈ രാസവസ്തു പ്രത്യുൽപ്പാദനത്തേയും ബുദ്ധിവികസനത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തീർന്നില്ല, ജനനവൈകല്യം, സ്തനാർബുദം, മൂത്രാശയ കാൻസർ, പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ, അബോർഷനുള്ള സാധ്യത, പ്രമേഹം എന്നീ അസുഖങ്ങളും ഇത്തരം കുപ്പികളുടെ ആവർത്തിച്ചുള്ള ഉപയോഗം വരുത്തിവയ്ക്കും.